ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് യുസ്വേന്ദ്ര ചാഹല്‍. എന്നാല്‍ കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി താരം കളിച്ചിട്ടില്ല. 2024 ഐ.പി.എല്ലിലെ മിന്നും പ്രകടനം കൊണ്ട് 2024 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും ടീമിന് വേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
കിരീടം നേടിയ ശേഷവും ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വെ ടൂറിലും സൗത്ത് ആഫ്രിക്കന്‍ ടൂറിലും ശ്രീലങ്കന്‍ ടൂറിലും ചാഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ശേഷം ഇംഗ്ലീഷ് കൗണ്ടി ചാമ്പ്‌യന്‍ ഷിപ്പില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം.
നോര്‍ത്താംപ്ടണ്‍ഷെയറിന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ കെന്റിനെതിരെ ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തന്റെ ടീമിനെ ഒമ്പത് വിക്കറ്റ് ജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നു. ശേഷമുള്ള രണ്ട് മത്സരങ്ങളില്‍ 18 വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു.
ഇതോടെ അടുത്ത വര്‍ഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോടുള്ള ടെസ്റ്റ് പമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാനുള്ള ആഗ്രഹത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു.
‘കൗണ്ടി ക്രിക്കറ്റ് എളുപ്പമല്ല. എന്നാലും ശക്തരായ എതിരാളികള്‍ക്കെതിരെ എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അത് എനിക്ക് അവസരം ലഭിച്ചു. അടുത്ത വര്‍ഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍, ചുവന്ന പന്തില്‍ ഞാന്‍ എത്ര മികച്ചവനാണെന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം തന്ന ബ്രണ്ടന്‍ സാറിന് നന്ദി,’ യുസ്വേന്ദ്ര ചാഹല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യു.ടി.സി) നാലാം സൈക്കിളിന് തുടക്കമിടാന്‍ ഇന്ത്യ 2025 ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ കളിക്കും. മികച്ച പ്രകടനം നടത്തിയാല്‍ ചാഹലിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും സീനിയര്‍ താരങ്ങളായ ആര്‍. അശ്വിനും ജഡേജയും ടീമിലുള്ളപ്പോള്‍ ചാഹലിന്റെ കാര്യം ചോദ്യചിഹ്നത്തില്‍ തുടരും.
Content Highlight: Yuzvendra Chahal Talking About Comeback In Indian Team