ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട സ്പിന്‍ ബൗളറാണ് യുസ്വേന്ദ്ര ചഹല്‍. ലോകത്ത് എല്ലാ ബാറ്റര്‍മാരും അദ്ദേഹത്തെ നേരിടുമ്പോള്‍ മുന്‍കരുതല്‍ എടുക്കാറുണ്ട്. ബാറ്റര്‍മാരെ വട്ടം കറക്കി വിക്കറ്റ് വീഴ്ത്തുന്നതും പ്രകോപിച്ച് ഔട്ടാക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷമായിട്ട് ടീമിന്റെ പ്രധാന സ്പിന്നര്‍ എന്ന അലങ്കാരം കൈകൊണ്ടിട്ടും 2021ല്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. ചഹലിന് പകരം രാഹുല്‍ ചഹറായിരുന്നു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്റ്റ് ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഈ വര്‍ഷത്തെ ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗ്രാന്‍ഡായിട്ട് തന്നെ മടങ്ങി എത്തിയിരിക്കുകയാണ് ചഹല്‍. 7.75 എക്കോണമിയില്‍ 27 വിക്കറ്റാണ് അദ്ദേഹം ഈ ഐ.പി.എല്ലില്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളറും അദ്ദേഹം തന്നെയായിരുന്നു.
ഇപ്പോഴിതാ തന്നെ ലോകകപ്പ് ടീമില്‍ എടുക്കാത്തതിന്റെ കാര്യം എന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ അതില്‍ വിഷമമുണ്ടെന്നും പറഞ്ഞിരിക്കുകയാണ് ചഹല്‍.
‘ഐ.സി.സി ടി-20 ലോകകപ്പ് ടീമില്‍ നിന്ന് എന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ആര്‍ക്കായാലും വിഷമമുണ്ടാകും. പക്ഷേ എന്നെക്കാള്‍ മികച്ചയൊരു താരത്തിനെ കിട്ടിയെന്ന് അവര്‍ കരുതിയിരിക്കാം,’ ചഹല്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് യാരിയുമായി സംസാരിക്കുകയായിരുന്നു ചഹല്‍. അദ്ദേഹത്തിന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് വിരലിലെണ്ണാവുന്ന മികച്ച പ്രകടനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘എനിക്ക് പറയാന്‍ ഒരുപാട് മികച്ച പ്രകടനമൊന്നുമില്ലായിരുന്നു. യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ 2021 ന്റെ രണ്ടാം പകുതിയില്‍ ഞാന്‍ നടത്തിയ ആ പ്രകടനം മാത്രമാണ് മികച്ചതായിട്ടുള്ളത്,’ ചഹല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ചഹല്‍ ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.