രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റേയും യൂസ്വേന്ദ്ര ചഹലിന്റെയും ബ്രോമാന്‍സിന് ഹല്ലാ ബോല്‍ ആരാധകര്‍ക്കിടയില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. എല്ലായ്‌പ്പോഴും തമാശയും കളിയും ചിരിയുമായി കഴിയുന്ന ചഹലും ചിരിക്കാന്‍ ഏറെയിഷ്ടപ്പെടുന്ന ബട്‌ലറും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഏറെ രസകരമാണ്.
ഇരുവരുടെയും കൂട്ടുകെട്ടിന്റെ വീഡിയോയും പോസ്റ്റുകളുമെല്ലാം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇത് പലപ്പോഴും ചഹലിന്റെ കുരുത്തക്കേടുകളോ ഇവര്‍ ഒപ്പം ചേര്‍ന്നെടുക്കുന്ന റീല്‍സുകളോ മറ്റുമാകും.
കഴിഞ്ഞ ദിവസം ചഹല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിലെ തങ്ങളുടെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവെച്ചത്.
2022ല്‍ ബട്‌ലര്‍ ഓറഞ്ച് ക്യാപ്പും ചഹല്‍ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയതടക്കമുള്ള സംഭവങ്ങള്‍ താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
In 2022 I knew him as Jos Buttler. In 2024, he’s my Jos bhai. ❤️
Loved every day being around you and only a few people know what you’ve done for me. Thank you for always standing by me. And hopefully, on some evening at 7.30 PM, we both will open the batting together 😂💪 pic.twitter.com/C70Fxz5zq0
— Yuzvendra Chahal (@yuzi_chahal) November 8, 2024
‘2022ല്‍ അദ്ദേഹം എനിക്ക് ജോസ് ബട്‌ലറായിരുന്നു. എന്നാല്‍ 2024ലെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹമെന്റെ ജോസ് ഭായ് ആണ്.
നിങ്ങള്‍ക്കൊപ്പം ചെലവഴിച്ച ഓരോ ദിവസവും ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. നിങ്ങള്‍ എനിക്കായി എന്തെല്ലാം ചെയ്തു എന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയുകയുള്ളൂ. എനിക്കൊപ്പം നിന്നതില്‍ ഒരുപാട് നന്ദി. എന്നെങ്കിലും വെകീട്ട് 7.30ന് നമ്മള്‍ ഒരുമിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും,’ എന്നായിരുന്നു ചഹല്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്.
ഐ.പി.എല്‍ 2025ന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറിനെയും ചഹലിനെയും ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളുമടക്കം ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയത്.
Your Retained Royals. Ready to #HallaBol! 🔥💗 pic.twitter.com/ae4yo0DMRa
— Rajasthan Royals (@rajasthanroyals) October 31, 2024
റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്.
സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ പരാഗിനെയും ജുറെലിനെയും 14 കോടി നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്‌മെയറിനായി 11 കോടി മാറ്റിവെച്ചപ്പോള്‍ നാല് കോടിയാണ് സന്ദീപ് ശര്‍മക്ക് ലഭിച്ചത്.
ടീം തന്നെ റിറ്റെയ്ന്‍ ചെയ്യാത്തതില്‍ ബട്‌ലര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ബട്ലര്‍ വികാരാധീനനായി പ്രതികരിച്ചത്. ടീമിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളില്‍ താന്‍ ഏറെ സന്തോഷവാനായിരുന്നുവെന്നും തന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.
View this post on Instagram
‘ഇത് അവസാനമാണെങ്കില്‍, രാജസ്ഥാന്‍ റോയല്‍സിനും ഏഴ് വര്‍ഷം ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി. 2018ാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒപ്പം ഏറെ കാലവും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി പിങ്ക് ജേഴ്സിയില്‍ നിന്നും എനിക്ക് ലഭിച്ചു. എന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വികരിച്ചതിന് ഒരുപാട് നന്ദി. ഒരുപാട് കാര്യങ്ങള്‍ ഇനിയും എഴുതാനുണ്ട്, തത്കാലം നിര്‍ത്തുന്നു,’ ബട്‌ലര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
ആര്‍.ടി.എം ഓപ്ഷന്‍ രാജസ്ഥാന് മുമ്പില്‍ ഇല്ലാത്തതിനാലും ഓക്ഷന്‍ പേഴ്സില്‍ 41 കോടി മാത്രമാണ് ഉള്ളത് എന്നതിനാലും ബട്ലറിനെ വീണ്ടും ടീമിലെത്തിക്കുന്നത് രാജസ്ഥാനെ സംബന്ധിച്ച് ഏറെ ശ്രമകരമായിരിക്കും. ഏങ്കിലും ആരാധകര്‍ ഇപ്പോഴും പ്രതീക്ഷകള്‍ കൈവിടുന്നില്ല.
Content highlight: Yuzvendra Chahal shared a video with Jos Buttler