ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ത്രില്ലിങ് മാച്ചുകളില്‍ ഒന്നായിരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മെല്‍ബണ്‍ ടി-20. തോല്‍വിയില്‍ നിന്നും വിരാട് കോഹ്‌ലിയുടെ ചിറകില്‍ കുതിച്ചുകയറിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.
അതിനാടകീയത നിറഞ്ഞ അവസാന രണ്ട് ഓവറുകളായിരുന്നു ഇന്ത്യക്ക് തുണയായത്. 19ാം ഓവറില്‍ ഹാരിസ് റൗഫിന് തുടരെ തുടരെ സിക്‌സറിന് പറത്തിയ കോഹ്‌ലി അവസാന ഓവറില്‍ മുഹമ്മദ് നവാസില്‍ നിന്നും വിജയം തട്ടിപ്പറിച്ച് ഇന്ത്യക്ക് നല്‍കുകയായിരുന്നു.
വിരാടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു മെല്‍ബണില്‍ പിറന്നത്. ചേസ് മാസ്റ്റര്‍ എന്ന തന്റെ പേരും പെരുമയും ഊട്ടിയുറപ്പിക്കാനും വിരാടിന് ഇതോടെ സാധിച്ചു.
നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിരാടിന്റെയും ഒപ്പം ഹര്‍ദിക്കിന്റെയും ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
വിരാടിന്റെ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിരാടിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ പെരുമഴയായിരുന്നു. അത്തരത്തില്‍ കോഹ്‌ലിയുടെ കടുത്ത ആരാധിക പങ്കുവെച്ച പോസ്റ്റും അതിനുപിന്നാലെ നടന്ന കൊടുക്കല്‍ വാങ്ങലുകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
വിരാടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ പോകുന്ന താരം ആരാണ്’ എന്നായിരുന്നു കിയാര എന്ന ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.
എന്നാല്‍, ഈ പോസ്റ്റിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ട്രോളാനായിരുന്നു സൗത്ത് ആഫ്രിക്കന്‍ താരം തബ്രിയാസ് ഷംസി മുതിര്‍ന്നത്. പോസ്റ്റ് റീ ട്വീറ്റ് ചെയത ഷംസി ചഹലിനെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു. ഇതിനൊപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും താരം പങ്കുവെച്ചിരുന്നു.
@yuzi_chahal 🤣🤣 https://t.co/KyoNmmXDUJ
— Tabraiz Shamsi (@shamsi90) October 25, 2022
എന്നാല്‍ ഷംസി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു ചഹലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. നിന്നെക്കാളും കൊള്ളാമെടേയ് എന്ന തരത്തിലാണ് ചഹലില്‍ ഇതിന് മറുപടി കൊടുത്തത്.
Still better then you my bru 😂😂
— Yuzvendra Chahal (@yuzi_chahal) October 25, 2022
ഷംസിയുടെ പോസ്റ്റും ചഹലിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ചഹല്‍ കളിച്ചിരുന്നില്ല.
നെതര്‍ലന്‍ഡ്‌സിനെതിരൊയണ് ഇന്ത്യയുടെ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
Content highlight: Yuzvendra Chahal’s reply to Thabriaz Shamsi goes viral