ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ കുസൃതികള്‍ ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ചെയ്യാനുള്ള ചുമതല ലഭിച്ചതിന് പിന്നാലെ ചഹല്‍ കാണിച്ചുകൂട്ടിയതൊന്നും ആരാധകര്‍ മറന്നിട്ടില്ല.
വിക്കറ്റ് നേട്ടത്തിന് ശേഷം ഗ്രൗണ്ടില്‍ കിടന്നുകൊണ്ടുള്ള താരത്തിന്റെ ഐക്കോണിക് സെലിബ്രേഷനും ആരാധകര്‍ ഏറെയാണ്. ഇതിനെല്ലാം പുറമെ ഒരു വിചിത്രവാദവുമായാണ് ചഹലിന്റെ രംഗപ്രവേശം. ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തിന് പിന്നാലെയായിരുന്നു ചഹല്‍ രംഗത്തെത്തിയത്.
പരിക്കിനെ തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ചഹലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ചഹലിന്റെ അടുത്ത കൂട്ടുകാരനും കുല്‍ച ദ്വയത്തിലെ രണ്ടാമനുമായ കുല്‍ദീപ് യാദവായിരുന്നു പകരമിറങ്ങിയത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുല്‍ദീപിനെ തന്നെയായിരുന്നു കളിയുടെ താരമായി തെരഞ്ഞെടുത്തതും.
മത്സരത്തിന് ശേഷമുള്ള ഇരുവരുടെയും സംഭാഷണത്തിനിടെയാണ് താനാണ് സൂര്യകുമാര്‍ യാദവിനെ ബാറ്റ് ചെയ്യാന്‍ പഠിപ്പിച്ചതെന്ന് ചഹല്‍ ‘വെളിപ്പെടുത്തിയത്’.
‘ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരമായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കുന്നതിനാല്‍ നീയെനിക്ക് നല്‍കിയ ഇന്‍പുട്ടുകള്‍ വളരെയധികം എന്നെ സഹായിച്ചിരുന്നു. ഒരു ടെസ്റ്റിന് ശേഷമുള്ള മാച്ചായിരുന്നു ഇത്.
ചെറിയ ഇന്‍പുട്ടുകള്‍ പോലും പ്രധാനമായിരുന്നു. അടുത്ത കാലത്തൊന്നും ഞങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടില്ല. പക്ഷേ കളിക്കളത്തിന് പുറത്ത് നിന്നും നീ നല്‍കുന്ന നിര്‍ദേശങ്ങള്‍ എന്നെ ഏറെ സഹായിച്ചിരുന്നു’ കുല്‍ദീപ് ചഹലിനോട് പറഞ്ഞു.
‘ഞാനാണ് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കോച്ച്. ഇപ്പോള്‍ നിന്റെ ബൗളിങ് കോച്ചും, മറന്നു പോകണ്ട,’ എന്നായിരുന്നു ചഹല്‍ തമാശപൂര്‍വം മറുപടി നല്‍കിയത്.
കുല്‍ദീപിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയവും ഒപ്പം പരമ്പരയും നേടിക്കൊടുത്തത്. പത്ത് ഓവര്‍ പന്തെറിഞ്ഞ് 51 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
വമ്പനടി വീരന്‍മാരായ കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക അപകടകാരിയായ ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് കുല്‍ദീപ് യാദവ് പുറത്താക്കിയത്. ബാറ്റിങ്ങില്‍ പത്ത് പന്ത് നേരിട്ട് പുറത്താവാതെ പത്ത് റണ്‍സും താരം സ്വന്തമാക്കിയിരുന്നു.