| Wednesday, 14th August 2024, 6:54 pm

ഇംഗ്ലണ്ടില്‍ 14 റണ്‍സിന് അഞ്ച് വിക്കറ്റ് ഒപ്പം അഞ്ച് മെയ്ഡനും; അഗാര്‍ക്കറും ഗംഭീറും ഇത് വല്ലതും കാണുന്നുണ്ടോ?

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ വണ്‍ ഡേ കപ്പില്‍ മികച്ച പ്രകടനവുമായി യൂസ്വേന്ദ്ര ചഹല്‍. നോര്‍താംപ്ടണ്‍ഷെയറിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് ചഹല്‍ തിളങ്ങിയത്. സെന്റ് ലോറന്‍സിലെ സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ ഹോം ടീമായ കെന്റിനെതിരെ നടന്ന മത്സരത്തിലാണ് ചഹല്‍ ഫൈഫറുമായി തിളങ്ങിയത്.

പത്ത് ഓവര്‍ പന്തെറിഞ്ഞ ചഹല്‍ അഞ്ച് ഓവറിലും ഒറ്റ റണ്‍സ് പോലും വഴങ്ങിയിരുന്നില്ല. ശേഷിക്കുന്ന അഞ്ച് ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ വെറും 15 റണ്‍സും.

ജെയ്ഡന്‍ ഡെന്‍ലി, ഏകാന്‍ഷ് സിങ്, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട്, ബെയേഴ്‌സ് സ്വന്‍പോള്‍, നഥാന്‍ ഗില്‍ക്രിസ്റ്റ് എന്നിവരെയാണ് ചഹല്‍ മടക്കിയത്.

ചഹല്‍ മാജിക്കില്‍ കെന്റ് വെറും 82 റണ്‍സിന് പുറത്തായി. ചഹലിന് പുറമെ ജസ്റ്റിന്‍ ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലൂക് പ്രോക്ടര്‍ രണ്ട് വിക്കറ്റും നേടി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെന്റിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെ മാര്‍കസ് ഓറിയോര്‍ഡനെ ജസ്റ്റിന്‍ ബ്രോഡ് പുറത്താക്കി. പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ട് പന്തുകള്‍ക്ക് ശേഷം രണ്ടാം ഓപ്പണറായ ജോയി എവിസണും പുറത്തായി. മൂന്ന് പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് താരം നേടിയത്.

വിക്കറ്റ് കീപ്പര്‍ ഹാരി ഫിഞ്ച് ഏഴ് റണ്‍സിനും ക്യാപ്റ്റന്‍ ജാക്ക് ലീനിങ് രണ്ട് റണ്‍സിനും പുറത്തായതോടെ കെന്റ് നാല് വിക്കറ്റിന് 15 എന്ന നിലയിലേക്ക് വീണു.

പിന്നാലെയെത്തിയവരില്‍ ജെയ്ഡന്‍ ഡെന്‍ലി 22 റണ്‍സും മാത്യൂ പാര്‍കിന്‍സണ്‍ 17 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഇവര്‍ക്ക് പുറമെ 24 പന്തില്‍ 10 റണ്‍സ് നേടിയ ഏകാന്‍ഷ് സിങ്ങാണ് കെന്റ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ടൂര്‍ണമെന്റിലെ രണ്ടാം ജയമാണ് നോര്‍താംപ്ടണ്‍ഷെയര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഗ്രൂപ്പ് എ-യില്‍ എട്ടാം സ്ഥാനത്താണ് ടീം. ലങ്കാഷെയര്‍ മാത്രമാണ് നോര്‍താംപ്ടണ്‍ഷെയറിന് താഴെയുള്ളത്.

ഏഴ് മത്സരത്തില്‍ നിന്നും ഇതുവരെ ഒറ്റ ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ട് പോയിന്റാണ് നിലവില്‍ ടീമിനുള്ളത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപ്ടണ്‍ഷെയറിന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തില്‍ 17 റണ്‍സടിച്ച പൃഥ്വി ഷായുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 28ന് ഒന്ന് എന്ന നിലയിലാണ് നോര്‍താംപ്ടണ്‍ഷെയര്‍. 13 പന്തില്‍ ഒമ്പത് റണ്‍സുമായി ജെയിംസ് സേല്‍സും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ജോര്‍ജ് ബാര്‍ട്‌ലെറ്റുമാണ് ക്രീസില്‍.

Content Highlight: Yuzvendra Chahal’s brilliant bowling performance in Royal One Day Cup

We use cookies to give you the best possible experience. Learn more