| Tuesday, 5th March 2024, 10:55 pm

135 റണ്‍സ് ജയം, ഒഴിവാക്കിയപ്പോള്‍ മറുപടി പന്തുകൊണ്ട്; ബി.സി.സി.ഐയുടെ മുഖത്തേറ്റ അടിയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡി.വൈ പാട്ടീല്‍ ടി-20 കപ്പില്‍ 135 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടി ഇന്‍കം ടാക്‌സ്. കാനറ ബാങ്കിനെതിരെ നടന്ന മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെയാണ് ഇന്‍കം ടാക്‌സ് മികച്ച വിജയം സ്വന്തമാക്കിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ചഹല്‍ തരംഗമായത്. ആകെയെറിഞ്ഞ 24 പന്തില്‍ പത്ത് പന്തിലും റണ്‍ വഴങ്ങാതെ തകര്‍ത്തെറിഞ്ഞ ചഹല്‍ സ്‌പെല്ലില്‍ വെറും രണ്ട് ബൗണ്ടറി മാത്രമാണ് വഴങ്ങിയത്.

താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ആരാധകരും ആവേശത്തിലാണ്. ബി.സി.സി.ഐ തങ്ങളുടെ ആന്വല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ചഹല്‍ വിക്കറ്റ് വീഴ്ത്തി മികച്ചുനിന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ഈ പ്രകടനം ബി.സി.സി.ഐക്ക് സമര്‍പ്പിക്കുന്നു, ഇത് അപെക്‌സ് ബോര്‍ഡിന് മുഖത്തേറ്റ അടി തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്‍കം ടാക്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടി. വിശാല്‍ മോറെയുടെയും സുമിത് കുമാറിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്‍കം ടാക്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മോറെ 28 പന്തില്‍ നിന്നും എട്ട് ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 61 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ നിന്നും പുറത്താകാതെ 53 റണ്‍സാണ് സുമിത് കുമാര്‍ നേടിയത്. അഞ്ച് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

120 പന്തില്‍ 245 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ കാനറ ബാങ്ക് 16 ഓവറില്‍ 109ന് പുറത്തായി. ചഹലിന് പുറമെ പ്രദീപ്ത പ്രമാണിക് 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുമിത് കുമാര്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

Content Highlight: Yuzvendra Chahal’s brilliant bowling in DY Patil T20 cup

We use cookies to give you the best possible experience. Learn more