| Monday, 16th May 2022, 12:26 pm

അതിന് പിഴ അടക്കേണ്ടി വന്നു; സഞ്ജു ചെയ്ത മണ്ടത്തരത്തെ കുറിച്ച് ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ല്‍ മികച്ച രീതിയിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ കൂറ്റന്‍ ജയത്തിന് പിന്നാലെ പ്ലേ ഓഫിന് തൊട്ടരികിലെത്താനും രാജസ്ഥാനായി.

ഈ സാഹചര്യത്തില്‍ സഞ്ജുവിന് പറ്റിയ മണ്ടത്തരത്തെ കുറിച്ച് പറയുകയാണ് രാജസ്ഥാന്‍ ടീമിലെ സൂപ്പര്‍ താരവും വെറ്ററന്‍ സ്പിന്നറുമായ യൂസ്വേന്ദ്ര ചഹല്‍. 2016ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സംഭവിച്ച രസകരമായ സംഭവങ്ങളാണ് താരം ഓര്‍ത്തെടുക്കുന്നത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘2016ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. ഞങ്ങള്‍ രണ്ട് പേരും റൂം മേറ്റ്‌സ് ആയിരുന്നു. സഞ്ജു ഒരു മുട്ട പൊരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇലക്ട്രിക് സ്റ്റൗവില്‍ പാന്‍ വെച്ച് മുട്ട പൊരിക്കാന്‍ തുടങ്ങുകയായിരുന്നു, എന്നാല്‍ പാനിന് മേലുള്ള പ്ലാസ്റ്റിക് കവര്‍ അഴിച്ചുമാറ്റാന്‍ സഞ്ജു മറന്നു.

പാന്‍ സ്റ്റൗവില്‍ വെച്ചപ്പോള്‍ തന്നെ ഫയര്‍ അലാറം അടിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കൊന്നും മനസിലായില്ല. പെട്ടന്ന് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ വരെ സ്ഥലത്തെത്തി. അപ്പോഴാണ് പാനിലെ പ്ലാസ്റ്റിക് കവറായിരുന്നു പ്രശ്‌നക്കാരന്‍ എന്ന മനസിലായത്.

സംഭവമറിഞ്ഞപ്പോള്‍ തന്നെ സഞ്ജു ചിരിക്കാന്‍ തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു അവന്‍ ചോദിച്ചത്. നമ്മളുടെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് ഫൈന്‍ അടക്കേണ്ടി വന്നപ്പോഴും അവന്‍ ചിരിക്കുകയായിരുന്നു. അതാണ് സഞ്ജുവിനൊപ്പമുള്ള രസകരമായ ഒരു അനുഭവം,’ ചഹല്‍ പറയുന്നു.

കഴിഞ്ഞ ദിവസവും ചഹല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് താരം നേടിയിരുന്നു. ഇതോടെ പര്‍പ്പിള്‍ ക്യാപ്പ് വീണ്ടെടുക്കാനും ചഹലിനായി.

ചഹല്‍ അടക്കമുള്ള എല്ലാ ബൗളര്‍മാരും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കാഴ്ച വെച്ചത്. ബൗള്‍ ചെയ്ത എല്ലാവര്‍ക്കും വിക്കറ്റും ലഭിച്ചിരുന്നു.

ബൗളര്‍മാര്‍ക്ക് പുറമെ ബാറ്റര്‍മാരും തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജുവും ജെയ്‌സ്വാളും ദേവ്ദത്ത് പടിക്കലും കത്തിക്കയറിയതോടെയാണ് മികച്ച സ്‌കോര്‍ രാജസ്ഥാന്‍ ലഖ്‌നൗവിന് മുമ്പില്‍ വെച്ചതും മികച്ച രീതിയില്‍ തന്നെ ഡിഫന്‍ഡ് ചെയ്തതും.

Content highlight: Yuzvendra Chahal recalls a funny Experience with Sanju Samson

We use cookies to give you the best possible experience. Learn more