റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. താരത്തിന് കുല്‍ദീപുമായുള്ള ബന്ധത്തെ കുറിച്ചും ചഹല്‍ സംസാരിച്ചു. ഇന്ത്യയ്ക്കായി ഇരുവരും ഒരുമിച്ച് പന്തെറിഞ്ഞ് വന്‍ വിജയം നേടിയ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍മിച്ചു. കുല്‍ദീപിനൊപ്പം പന്തെറിഞ്ഞിരുന്നത് താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്ന് ചഹല്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.
‘കുല്‍ദീപിനൊപ്പം പന്തെറിയുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. കളിക്കളത്തിലും പുറത്തും ഞങ്ങള്‍ക്കിടയില്‍ മികച്ച ഒരു ബന്ധം ഉണ്ടായിരുന്നു. ബൗളിങ്ങിനോട് ഞങ്ങള്‍ക്ക് സമാനമായ സമീപനമുള്ളതിനാല്‍ അദ്ദേഹത്തോടൊപ്പം പന്തെറിയുന്നത് രസകരമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ആക്രമിക്കാന്‍ ഇഷ്ടമാണ്.
അതൊരു പാട്ണര്‍ഷിപ് ബൗളിങ് ആയിരുന്നു. ഞങ്ങളില്‍ ഒരാള്‍ റണ്‍സ് വഴങ്ങുമ്പോള്‍, മറ്റേയാള്‍ മറുവശത്ത് നിന്ന് നന്നായി ബൗള്‍ ചെയ്ത് ബാറ്റമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ഞങ്ങള്‍ എപ്പോഴും പരസ്പരം വിശ്വസിച്ചിരുന്നു,’ ചഹല്‍ പറഞ്ഞു.
ചഹലും കുല്‍ദീപും ഒരു കാലത്ത് ഇന്ത്യയുടെ വജ്രായുധങ്ങളായിരുന്നു. ഇരുവരും ഇന്ത്യക്കായി ഒരുമിച്ച് പന്തെറിഞ്ഞ് വന്‍ വിജയങ്ങള്‍ നേടിക്കൊടുത്തിരുന്നു. വിക്കറ്റ് വീഴ്ത്തുക എളുപ്പമല്ലാത്ത മധ്യ ഓവറുകളില്‍ എതിര്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ ഇരുവരും വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു.
കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ‘കുല്‍ച’ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. ചാഹലും കുല്‍ദീപും അക്കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകരമായ ബൗളിങ് ജോഡികളില്‍ ഒന്നായിരുന്നു.
യൂസ്വേന്ദ്ര ചഹല്‍ 2023 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഇന്ത്യ ജേതാക്കളായ ടി 20 ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും ഒറ്റ മത്സരത്തില്‍ പോലും താരം ഇറങ്ങിയിരുന്നില്ല.
ഇന്ത്യന്‍ ടീമിലേക്കുള്ള ലെഗ് സ്പിന്നറുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ പരിധിയില്‍ അല്ലാത്ത കാര്യങ്ങളെ കുറിച്ച് ആലോചിക്കാറില്ല എന്നാണ് ചഹല്‍ പറഞ്ഞത്. കൂടാതെ, തന്റെ ബൗളിങ് പങ്കാളിയായ കുല്‍ദീപ് യാദവിനെ ലോകത്തിലെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
‘എന്റെ പരിധിയില്‍ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. നിലവില്‍, കുല്‍ദീപ് ലോകത്തിലെ ഒന്നാം നമ്പര്‍ റിസ്റ്റ് സ്പിന്നറാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹം ബൗള്‍ ചെയ്യുന്ന രീതിയില്‍ നിന്ന് അത് വ്യക്തമാണ്,’ ചഹല്‍ പറഞ്ഞു.
കുല്‍ദീപ് യാദവ് ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളിലായി ഏഴ് വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു. 4.79 എക്കോണമിയിലാണ് ചൈനമാന്‍ സ്പിന്നര്‍ ചാമ്പ്യന്‍ഷിപ്പില്‍ പന്തെറിഞ്ഞത്.
Content Highlight: Yuzvendra Chahal Praises Kuldeep Yadav As Best Wrist Spinner In The World