| Wednesday, 4th April 2018, 10:20 am

'ഇവനും ഞാനും ചേര്‍ന്ന് ആര്‍.സി.ബിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി യൂസവേന്ദ്ര ചാഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: സമീപകാല ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച മികച്ച സ്പിന്നര്‍മാരിലരാളാണ് യൂസവേന്ദ്ര ചാഹല്‍ എന്ന യുവതാരം. ഐ.പി.എല്ലിലൂടെ ഉയര്‍ന്നുവന്ന താരം ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയിലും ശ്രീലങ്കയിലെ നിദാഹസ് ട്രോഫിയിലും ചാഹലിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

2016 ലെ ഐ.പി.എല്ലിലൂടെയായിരുന്നു ചാഹലിന്റെ കരിയറില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ ചാഹല്‍ ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പതിനൊന്നാം സീസണ്‍ ആരംഭിക്കാനിരിക്കെ തങ്ങളുടെ ഗെയിം പ്ലാനെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ചാഹല്‍.

തന്റെ ബൗളിങ്ങില്‍ പുതിയ കാര്യങ്ങള്‍ ചേര്‍ക്കണമെന്നുണ്ടെന്നും താരം പറയുന്നു. “എനിക്ക് എന്റെ പന്തിലേക്ക് പുതിയ കാര്യങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. പക്ഷേ അത് ഇപ്പോള്‍ പ്രാവര്‍ത്തിക്കമാകുന്നതാണോയെന്നും പരിശോധിക്കേണ്ടതായിട്ടുണ്ട്. ഈ രീതിയില്‍ വളരെക്കാലം പന്തെറിയാന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.” താരം പറയുന്നു.

ആര്‍.സി.ബിയില്‍ വാഷിങ്ങ് ടണ്‍ സുന്ദറുമായി ചേര്‍ന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ചാഹല്‍ പറയുന്നു. സുന്ദറിനെ പവര്‍ പ്ലേയില്‍ ബോള്‍ ചെയ്യാനായി ടീമിനുപയോഗിക്കാന്‍ കഴിയുമെന്നും താരം പറയുന്നു. നിദാഹസ് ട്രോഫിയില്‍ കളിച്ച സുന്ദര്‍ പവര്‍ പ്ലേകളില്‍ മനോഹരമായി പന്തെറിഞ്ഞിരുന്നു.

“ഞങ്ങള്‍ നിദാഹസ് ട്രോഫി കളിച്ചു. അവന്‍ പവര്‍ പ്ലേയില്‍ പന്തെറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മിഡില്‍ ഓവറുകളില്‍ പന്തെറിയാന്‍ സാധിച്ചു. എനിക്കിപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കുകയുണ്ടായി. നേരത്തെ ഞാന്‍ പവര്‍ പ്ലേകളിലായിരുന്നു പന്തെറിഞ്ഞത്. പിന്നെഎനിക്ക് രണ്ടു ഓവര്‍ മാത്രമാണ് ബാക്കിയുണ്ടാവുക. ഇപ്പോള്‍ പവര്‍ പ്ലേയില്‍ മറ്റൊരാള്‍ പന്തെറിയാനുള്ളതുകൊണ്ട് എനിക്ക് മിഡില്‍ ഓവറില്‍ പന്തെറിയാന്‍ കഴിയും. ഞങ്ങള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും ലഭിക്കും” ചാഹല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more