ഗ്രൗണ്ടില്‍ കിടക്കണമെന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിരുന്നു; വൈറല്‍ സെലിബ്രേഷന് പിന്നിലെ കഥയുമായി ചഹല്‍
IPL
ഗ്രൗണ്ടില്‍ കിടക്കണമെന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിരുന്നു; വൈറല്‍ സെലിബ്രേഷന് പിന്നിലെ കഥയുമായി ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th May 2022, 3:41 pm

ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ബൗളറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. ഈ സീസണില്‍ മാത്രമല്ല എല്ലാ സീസണിലും തന്റെ ടീമിന് വേണ്ടി മികച്ച പ്രകടനം താരം കാഴ്ചവെക്കാറുണ്ട്.

രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോഴും താരത്തിന്റെ ആക്രമണത്തിന് മൂര്‍ച്ച കുറഞ്ഞിട്ടില്ല. അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെ 22 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ചഹല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 40 റണ്‍സിന് വിട്ടുനല്‍കിയായിരുന്നു താരം അഞ്ച് വിക്കറ്റ് പിഴുതത്. വിക്കറ്റ് നേടിയതിന് ശേഷമുള്ള താരത്തിന്റെ ആഘോഷവും ഏറെ വൈറലായിരുന്നു. ഗ്രൗണ്ടില്‍ കിടന്നായിരുന്നു താരം നേട്ടം ആഘോഷമാക്കിയത്.

ഇപ്പോഴിതാ, ആ വൈറല്‍ സെലിബ്രേഷന് പിന്നലെ കഥ പറയുകയാണ് ചഹല്‍.

2019 ലോകകപ്പിനിടെയായിരുന്നു ചഹലിന്റെ ‘കിടത്തം’ സോഷ്യല്‍ മീഡിയയില്‍ ആദ്യം വൈറലായത്. ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാതിരുന്ന ചഹല്‍ ബൗണ്ടറി ലൈനിനപ്പുറത്ത് വിശാലമായി തന്നെ കിടന്ന് റിലാക്‌സ് ചെയ്യുകയായിരുന്നു. ഇതിന്റെ ഫോട്ടായാണ് നിരവധി മീമുകളുടെ പിറവിക്ക് കാരണമായത്.

‘2019 ലോകകപ്പിനിടെ ഞാന്‍ ടീമില്‍ ഇടം പിടിക്കാത്തതിനെ തുടര്‍ന്ന് ഗ്രൗണ്ടിന് വെളിയില്‍ കിടക്കുകയായിരുന്നു. അപ്പോഴൊന്നും എന്റെ ഫോട്ടോ ഫേമസ് ആവുന്നുണ്ടെന്നും ആളുകള്‍ മീം ഉണ്ടാക്കുന്നുണ്ടെന്നുമൊന്നും ഞാന്‍ അറിഞ്ഞിരു്‌നനില്ല.

പിന്നീടാണ് അത് ഇത്രത്തോളം ഫേമസ് ആയ കാര്യം ഞാന്‍ അറിയുന്നത്. എന്നെ സംബന്ധിച്ച് അത് വളരെ സ്‌പെഷ്യലായിരുന്നു. ഇനി എപ്പോഴാണോ ഒരു മത്സരത്തില്‍ ഞാന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്, അന്ന് ഇങ്ങനെ സെലിബ്രേറ്റ് ചെയ്യണമെന്ന് ഞാന്‍ അന്നേ മനസിലുറപ്പിച്ചിരുന്നു,’ താരം പറയുന്നു.

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിക്കൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് കുതിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കിയാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹിയെ തോല്‍പിച്ച് പ്ലേ ഓഫിലേക്കെത്താനാണ് രാജസ്ഥാന്‍ റോയല്‍സ് കണക്കുകൂട്ടുന്നത്.

Content highlight:  Yuzvendra Chahal opens up about his famous sliding celebration