2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റുമായി പ്ലേഓഫിലേക്ക് കുതിക്കുകയാണ് സഞ്ജുവും കൂട്ടരും.
ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ സഞ്ജുവിന് കൂട്ടര്‍ക്കും വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാന്‍ രാജസ്ഥാന് സാധിക്കും.
ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാലു തോല്‍വിയും അടക്കം 10 പോയിന്റുള്ള അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം വളരെയധികം നിര്‍ണായകമാണ്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാന്‍ ചാഹലിന് സാധിച്ചാല്‍ ടി-20യില്‍ 350 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നുകയറാന്‍ ചഹാലിന് സാധിക്കും. 299 ടി-20 മത്സരങ്ങളില്‍ നിന്നും 349 വിക്കറ്റുകളാണ് ചാഹല്‍ നേടിയിട്ടുള്ളത്. 7.65 എക്കോണമിയിലാണ് താരം പന്തറിഞ്ഞത്.
മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ നേടിയ വിക്കറ്റിന് പിന്നാലെ ഐ.പി.എല്ലില്‍ ഒരു ഐതിഹാസിക നേട്ടം ചാഹല്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് ആയിരുന്നു അടുത്തിടെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ നടന്നു കയറിയത്. ഹൈദരാബാദിനെതിരെ ഒരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ചാഹലിന് മുന്നിലുള്ളത്.
ഈ സീസണില്‍ ഇതിനോടകം തന്നെ 13 വിക്കറ്റുകള്‍ ആണ് ചഹല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഓറഞ്ച് ആര്‍മിക്കെതിരെയും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Yuzvendra Chahal need one wicket to complete 350 wickets in T20