റോയൽ വാറിൽ ചരിത്രംക്കുറിക്കാൻ സഞ്ജുവിന്റെ പടയാളി; ഷെയ്ൻ വോണിന്റെ റെക്കോഡ് തകർക്കാൻ സുവർണാവസരം
Cricket
റോയൽ വാറിൽ ചരിത്രംക്കുറിക്കാൻ സഞ്ജുവിന്റെ പടയാളി; ഷെയ്ൻ വോണിന്റെ റെക്കോഡ് തകർക്കാൻ സുവർണാവസരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 3:32 pm

2024 ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് തോല്‍വി അറിയാതെയാണ് സഞ്ജുവും കൂട്ടരും മുന്നേറുന്നത്. മറുഭാഗത്ത് നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും ഒരു വിജയവും മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അക്കൗണ്ടില്‍ ഉള്ളത്. വിജയക്കുതിപ്പ് തുടരാന്‍ രാജസ്ഥാനും വിജയ വഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരുവും ഇറങ്ങുമ്പോള്‍ സവാലി മാന്‍സിങ് സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പാണ്.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ കാത്തിരിക്കുന്നത് ഒരു റെക്കോഡ് നേട്ടമാണ്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ചഹലിന് സാധിച്ചാല്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ചഹലിന് സാധിക്കും.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇതിഹാസതാരം ഷെയ്ന്‍ വോണിന്റെ റെക്കോഡ് തകര്‍ക്കാനും ഇന്ത്യന്‍ സ്പിന്നര്‍ക്ക് സാധിക്കും. രാജസ്ഥാന്‍ റോയല്‍സിനായി 55 മത്സരങ്ങളില്‍ നിന്നും 57 വിക്കറ്റുകളാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം നേടിയിട്ടുള്ളത്.

ചഹല്‍ 34 പന്തില്‍ 54 വിക്കറ്റുകളാണ് രാജസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്. നാല് വിക്കറ്റുകള്‍ കൂടി നേടാന്‍ രാജസ്ഥാന്‍ താരത്തിന് സാധിച്ചാല്‍ വോണിനെ മറികടക്കാന്‍ ചഹലിന് സാധിക്കും.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, മത്സരങ്ങളുടെ എണ്ണം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

സിദ്ധാര്‍ത്ഥ ത്രിവേദി-76-65

ഷെയ്ന്‍ വാട്‌സണ്‍-78-61

ഷെയ്ന്‍ വോണ്‍-55-57

യുസ്വേന്ദ്ര ചഹല്‍-34-54

ജെയിംസ് ഫോക്‌നര്‍-42-47

ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു വിക്കറ്റുകളാണ് ചഹല്‍ നേടിയത്. കഴിഞ്ഞ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ്ങില്‍ മിന്നും പ്രകടനമാണ് ചഹല്‍ നടത്തിയത്. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 2.75 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഈ തകര്‍പ്പന്‍ പ്രകടനം ബെംഗളൂരുവിനെതിരെയും താരം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Yuzvendra Chahal need four wicket to break Shane Warne record in IPL