ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വലിയ സര്‍പ്രൈസൊന്നുമില്ലാതെയായിരുന്നു ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്.
സ്പിന്‍ മാന്ത്രികന്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിലും താരമില്ല.
ചഹല്‍ പുതുതായി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ ടീമില്‍ ചേര്‍ന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കെന്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിലേക്കാണ് താരം ചേര്‍ന്നത്. കൗണ്ടി ക്ലബ്ബിനായി മൂന്ന് ചതുര്‍ ദിന മത്സരങ്ങള്‍ കളിക്കാന്‍ താരം തയ്യാറാകുകയാണ്.
‘കെന്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ് ഇതിനെ കുറിച്ച് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അവര്‍ക്കായി ചഹല്‍ മൂന്ന് ചതുര്‍ ദിന മത്സരങ്ങള്‍ കളിക്കും. കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ബി.സി.സി.ഐ അദ്ദേഹത്തിന് എന്‍.ഒ.സി അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് അദ്ദേഹത്തെ ആവശ്യമാണെങ്കില്‍, ഉടന്‍ തന്നെ ചഹല്‍ ദേശീയ ടീമില്‍ ചേരും, ”ബി.സി.സി.ഐയിലെ ഒരു വൃത്തം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
2016ല്‍ ഇന്ത്യക്കായി അരങ്ങേറിയപ്പോള്‍ മുതല്‍ മികച്ച പ്രകടനമായിരുന്നു താരം രാജ്യത്തിനായി കാഴ്ചവെച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ചഹല്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നുണ്ട്. കുല്‍ദീപ് യാദവ് മികച്ച ഫോമിലേക്കെത്തിയതും അദ്ദേഹത്തിന് വിനയായി.
ഇന്ത്യക്കായി 70 ഏകദിന മത്സരത്തില്‍ നിന്നും 121 വിക്കറ്റുകളും 80 ടി-20 മത്സരത്തില്‍ നിന്നും 96 വിക്കറ്റുകളും ഈ വലംകയ്യന്‍ ലെഗ് സ്പിന്നര്‍ നേടിയിട്ടുണ്ട്.
Content Highlight: Yuzvendra Chahal Joins Kent County Cricket Club