ഗുരുവിന്റെ തള്ളവിരല്‍ തന്നെ ചോദിച്ചുവാങ്ങാന്‍ ചഹല്‍; മലിംഗയെ താഴെ വീഴ്ത്താന്‍ വേണ്ടത് വെറും ഒരു വിക്കറ്റ്
IPL
ഗുരുവിന്റെ തള്ളവിരല്‍ തന്നെ ചോദിച്ചുവാങ്ങാന്‍ ചഹല്‍; മലിംഗയെ താഴെ വീഴ്ത്താന്‍ വേണ്ടത് വെറും ഒരു വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd April 2023, 2:08 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് യൂസ്വേന്ദ്ര ചഹല്‍ തന്റെ മാജിക് കാണിച്ചത്. കഴിഞ്ഞ തവണത്തേതെന്ന പോലെ ഇത്തവണയും പര്‍പ്പിള്‍ ക്യാപ്പ് തന്റെ തലയില്‍ തന്നെ കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ചഹലിന്റെ പ്രകടനം.

മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹല്‍ പിഴുതെറിഞ്ഞത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ചഹലിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 300 വിക്കറ്റ് മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ചഹല്‍ സ്വന്തമാക്കിയത്. നിലവില്‍ 303 വിക്കറ്റുകളാണ് ചഹല്‍ സ്വന്തമാക്കിയത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് 299 വിക്കറ്റായിരുന്നു ചഹലിന്റെ പേരിലുണ്ടായിരുന്നത്. കേവലം ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ തന്നെ റെക്കോഡ് നേടാമെന്നിരിക്കെയാണ് നാല് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ചഹല്‍ ടീമിന്റെ നെടുംതൂണായത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറാകാനും ഇതോടെ ചഹലിന് സാധിച്ചിരുന്നു.

ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടത്തിന് തൊട്ടടുത്താണ് ചഹല്‍ ഇപ്പോള്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരം എന്ന നേട്ടത്തിലെത്താന്‍ ചഹലിന് വേണ്ടത് വെറും ഒറ്റ വിക്കറ്റ് മാത്രമാണ്. 170 വിക്കറ്റുമായി താരം രണ്ടാം സ്ഥാനം പങ്കിടുകയാണ്.

പട്ടികയില്‍ ചഹല്‍ രണ്ടാം സ്ഥാനം പങ്കിടുന്നത് ശ്രീലങ്ക – മുംബൈ ഇന്ത്യന്‍സ് ലെജന്‍ഡും യോര്‍ക്കര്‍ കിങ്ങുമായ ലസിത് മലിംഗക്കൊപ്പമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചായ മലിംഗയെ മറികടന്ന് പട്ടികയില്‍ ഒറ്റക്ക് രണ്ടാം സ്ഥാനം നേടാന്‍ വരും മത്സരങ്ങളില്‍ ചഹലിന് ആവശ്യമായത് വെറും ഒറ്റ വിക്കറ്റാണ്.

 

ഒപ്പം ഇനിയുള്ള മത്സരത്തില്‍ നിന്നും 14 വിക്കറ്റ് കൂടി തന്റെ പേരിലാക്കാന്‍ സാധിച്ചാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന നേട്ടവും ചഹലിന്റെ പേരിലാകും.

ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലുള്ള 183 വിക്കറ്റിന്റെ റെക്കോഡാണ് ഇതോടെ തകര്‍ക്കപ്പെടുക.

132 മത്സരങ്ങളിലെ 131 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ചഹല്‍ നിലവില്‍ 170 വിക്കറ്റ് വീഴ്ത്തിയത്. ഈ നേട്ടത്തിനായി 479 ഓവറുകളാണ് ചഹല്‍ എറിഞ്ഞു തീര്‍ത്തത്, വഴങ്ങിയതാകട്ടെ 3,641 റണ്‍സും.

കഴിഞ്ഞ സീസണിലെ 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐ.പി.എല്ലില്‍ താരത്തിന്റെ മികച്ച പ്രകടനം. 21.42 എന്ന ആവറേജിലും 7.36 എന്ന എക്കോണമിയിലുമാണ് ചഹല്‍ പന്തെറിയുന്നത്.

ഐ.പി.എല്ലില്‍ ഇതുവരെ നാല് തവണ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ച ചഹല്‍, ഒരു തവണ ഫൈഫറും സ്വന്തമാക്കിയിട്ടുണ്ട്.

Content highlight: Yuzvendra Chahal equals Lasith Malinga’s record in IPL