റെക്കോഡുകള്‍ നേടുന്നതും തകര്‍ക്കുന്നതും രാജസ്ഥാന് എന്നും ഹരമാണ്; ഇത്തവണ പുതിയ റെക്കോഡ് ചഹലിന്റെ വക
IPL
റെക്കോഡുകള്‍ നേടുന്നതും തകര്‍ക്കുന്നതും രാജസ്ഥാന് എന്നും ഹരമാണ്; ഇത്തവണ പുതിയ റെക്കോഡ് ചഹലിന്റെ വക
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st May 2022, 12:46 pm

ഐ.പി.എല്‍ 2022ല്‍ പുതിയ നേട്ടവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന സ്പിന്നര്‍ എന്ന റെക്കോഡിനൊപ്പമാണ് താരം എത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ ഐക്കോണിക് സ്പിന്നറായ ഇമ്രാന്‍ താഹിറിനൊപ്പമാണ് ചഹല്‍ എത്തി നില്‍ക്കുന്നത്. ഇരുവരും 26 വിക്കറ്റുകളാണ് ഒരു സീസണില്‍ വീഴ്ത്തിയത്. 2019ലായിരുന്നു താഹിറിന്റെ വിക്കറ്റ് വേട്ട.

സീസണില്‍ ചഹലിന് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ താഹിറിന്റെ ഈ റെക്കോഡ് യൂസി പുഷ്പം പോലെ മറികടക്കും എന്നുറപ്പാണ്.

രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ അംബാട്ടി റായിഡുവിന്റേയും ധോണിയുടേയും വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് ചഹല്‍ റെക്കോഡിലേക്ക് നടന്നുകയറിയത്.

കഴിഞ്ഞ മത്സരത്തില്‍ നിന്നും നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ സീസണിലും ചഹലിന്റെ തേരോട്ടമാണ് കാണാനാവുന്നത്. 14 മത്സരത്തില്‍ നിന്നും 56 ഓവര്‍ പന്തെറിഞ്ഞാണ് താരം 26 വിക്കറ്റ് പിഴുതത്.

16.53 ശരാശരിയില്‍ പന്തെറിയുന്ന താരം 7.67 എക്കോണമിയില്‍ 430 റണ്‍സ് മാത്രം വഴങ്ങിയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമനാണ് ചഹല്‍. സ്പിന്നര്‍മാരുടെ പട്ടികയില്‍ രണ്ടാമനും.

അമിത് മിശ്ര മാത്രമാണ് സ്പിന്നര്‍മാരുടെ പട്ടികയില്‍ ചഹലിന് മുമ്പിലുള്ളത്. 154 മത്സരത്തില്‍ നിന്നും 165 വിക്കറ്റുകളാണ് മിശ്രയുടെ പക്കലുള്ളത്. ചഹലാവട്ടെ 128 മത്സരത്തില്‍ നിന്നുമാണ് 165 വിക്കറ്റ് സ്വന്തമാക്കിയത്.

അതായത് രണ്ട് വിക്കറ്റുകൂടി വരും മത്സരത്തില്‍ സ്വന്തമാക്കിയാല്‍ ചഹലിന്റെ പേരില്‍ കുറിക്കപ്പെടാന്‍ പോകുന്നത് രണ്ട് പുതിയ റെക്കോഡുകളാണ് എന്നര്‍ത്ഥം.

Content highlight:  Yuzvendra Chahal Equals Imran Tahir’s Massive Record