മൈതാനത്തിലായാലും പുറത്തായാലും സഹതാരങ്ങളെ രസിപ്പിക്കുന്നതില്‍ മുമ്പനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. മൈതാനത്തിലെ വിക്കറ്റ് സെലിബ്രേഷനടക്കം എല്ലാം ചഹലിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കാറുണ്ട്. രാജസ്ഥാന്റെ ട്വിറ്റര്‍ അഡ്മിന്‍ കിട്ടിയപ്പോള്‍ താരം കാണിച്ച കുസൃതികളെല്ലാം തന്നെ ഐ.പി.എല്ലില്‍ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെ താരം കാണിച്ച കുസൃതിയും വൈറലായിരുന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ റണ്ണൗട്ടിനിടെ ഔട്ടായില്ല എന്ന് കാര്‍ത്തിക്കിനെ തോന്നിപ്പിക്കുന്ന തരത്തിലുള്ള എക്‌സ്പ്രഷനിട്ടായിരുന്നു താരം തന്റെ കുസൃതി പുറത്തെടുത്തത്.
12ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. ഇല്ലാത്ത റണ്ണിനോടിയ കാര്‍ത്തിക് വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു.
പ്രസിദ്ധ് കൃഷ്ണയുടെ ത്രോ പിടിച്ചെടുത്ത് സ്റ്റംപില്‍ കൊള്ളിക്കേണ്ട കാര്യമേ ചഹലിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രസിദ്ധിന്റെ സിംപിള്‍ ത്രോ കൈപ്പിടിയിലൊതുക്കാന്‍ ഫസ്റ്റ് ചാന്‍സില്‍ ചഹലിനായില്ല.
പന്ത് ചഹലിന്റെ കൈയില്‍ നിന്നും വഴുതി എന്ന് കണ്ടതോടെ ഡി.കെയ്ക്ക് ക്രീസിലെത്താന്‍ ചാന്‍സ് ഉണ്ടായിരുന്നു. എങ്കിലും ചഹല്‍ കഷ്ടപ്പെട്ട് പന്തെടുത്ത് വിക്കറ്റില്‍ കൊള്ളിച്ചിരുന്നു.
പക്ഷേ, ചഹലിന്റെ എക്‌സ്പ്രഷന്‍ കണ്ട എല്ലാവരും കാര്‍ത്തിക് സേഫായി ക്രീസിലെത്തി എന്നായിരുന്നു കരുതിയത്. ഇതോടെ കാര്‍ത്തിക് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടതായി സഹതാരങ്ങളും വിശ്വസിച്ചു.
പക്ഷേ തേര്‍ഡ് അമ്പയര്‍ റിവ്യൂവില്‍ കണ്ടത് മറ്റൊന്നായിരുന്നു. കാര്‍ത്തിക് ക്രീസിലെത്തും മുമ്പ് തന്നെ ചഹല്‍ വിക്കറ്റ് നേടിയിരുന്നു. ഇതോടെ ചഹലിന്റെ മുഖഭാവം വീണ്ടും മാറുകയും വിക്കറ്റ് നേട്ടം ആഷോഘിക്കുകയുമായിരുന്നു.
ഇതോടെയാണ് മത്സരം രാജസ്ഥാന്റെ വരുതിയിലായത്. കാര്‍ത്തിക്കും വീണതോടെ മറുഭാഗത്ത് പ്യുവര്‍ ബാറ്റര്‍മാരൊന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി വിക്കറ്റുകള്‍ വീഴുകയും രാജസ്ഥാന്‍ 29 റണ്‍സിന് മത്സരം ജയിക്കുകയുമായിരുന്നു.
ചഹലടക്കമുള്ള ബൗളര്‍മാരാണ് രാജസ്ഥാന്റെ വിജയത്തിന് കാരണക്കാര്‍. എത്ര ചെറിയ സ്‌കോര്‍ ആണെങ്കിലും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു ബൗളിംഗ് നിരയായിരുന്നു രാജസ്ഥാന്റെ കരുത്ത്.
നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അശ്വിനും 3.3 ഓവറില്‍ 20ന് നാല് വിക്കറ്റ് വിക്കറ്റ് നേടിയ കുല്‍ദിപ് സെന്നുമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഇവര്‍ക്ക് പുറമെ ബോള്‍ട്ടും ചഹലും മിച്ചലും മികച്ച രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞത്.
Content Highlight: Yuzvendra Chahal dismiss Dinesh Karthik in a funny run out