ഐ.പി.എല്‍ 2023ലെ 56ാം മത്സരം സാക്ഷ്യം വഹിച്ചത് പുതിയ ചരിത്രത്തിന്റെ പിറവിക്കാണ്. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡ് തന്റെ പേരിലാക്കിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ ഐ.പി.എല്ലിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയുടെ പേരില്‍ ഏറെ കാലമായുണ്ടായിരുന്ന റെക്കോഡാണ് ചഹല്‍ തന്റെ പേരിലാക്കിയത്.
184 വിക്കറ്റുകളാണ് ചഹല്‍ ഇതിനോടകം ഐ.പി.എല്ലില്‍ സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ നിതീഷ് റാണയെ പുറത്താക്കിയാണ് താരം റെക്കോഡ് നേട്ടം ആഘോഷമാക്കിയത്.
തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് ചഹല്‍ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. റാണയെ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ചായിരുന്നു ചഹല്‍ മടക്കിയത്.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ പരാജയപ്പെട്ടാല്‍ ഈ സീസണിലെ രാജസ്ഥാന്റെ ഐ.പി.എല്‍ യാത്രയ്ക്ക് ഇതോടെ വിരാമമാകും.
— Rajasthan Royals (@rajasthanroyals) May 11, 2023
അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 110 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പത്ത് റണ്‍സ് നേടിയ ആന്ദ്രേ റസലിന്റെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടമായത്. മലയാളി താരം കെ.എം. ആസിഫിന്റെ പന്തില്‍ ആര്‍. അശ്വിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.