ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തറപറ്റിച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ ഇടം നേടിയ യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ഓപ്പണര്‍ ജോണി ബെയസ്‌ട്രോയുടേയും ശിഖര്‍ ധവാന്റേയും പ്രകടനത്തിന്റെ ബലത്തിലായിരുന്നു പഞ്ചാബ് 189 റണ്‍സ് എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇരുവരുടേയും ബാറ്റില്‍ നിന്നും ഒന്നിന് പിറകെ ഒന്നായി ബൗണ്ടറികളും സിക്‌സറുകളും പറന്നു. എന്നാല്‍ രാജസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ യുസ്വേന്ദ്ര ചഹലിന്റെ കൈകളില്‍ പന്തെത്തിയതില്‍ പിന്നെ കളി മാറി.
കൃത്യമായ ടേണും ലെംഗ്തും കൊണ്ട് ചഹല്‍ പഞ്ചാബ് ബാറ്റര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. സിംഹള വീര്യത്തിന്റെ പ്രതീകമായ ഭനുക രാജപക്‌സയെ വീഴ്ത്തിക്കൊണ്ടായിരുന്നു ചഹല്‍ തുടങ്ങിയത്. 18 പന്തില്‍ നിന്നും 27 റണ്‍സുമായി കുതിക്കുകയായിരുന്ന രജപക്‌സയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കഴിഞ്ഞ മത്സരങ്ങളിലെ തന്റെ വിക്കറ്റ് വരള്‍ച്ചയ്ക്ക് വിരാമമിട്ടത്.
പതിനഞ്ചാം ഓവറിലായിരുന്നു ചഹലിന്റെ അടുത്ത സ്‌ട്രൈക്ക്. പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ ബട്‌ലറുടെ കൈകളിലെത്തിച്ചും വിനാശകാരിയായ ബെയസ്‌ട്രോയെ വിക്കറ്റിന് മുമ്പില്‍ കുരുക്കിയും ചഹല്‍ പറഞ്ഞയച്ചു. എല്‍.ബി.ഡബ്ല്യുവിനെതിരെ ബെയസ്‌ട്രോ ഡി.ആര്‍.എസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കി 3 വിക്കറ്റാണ് ചഹല്‍ പിഴുതത്. ഇതോടെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനും ചഹലിനായി.
കഴിഞ്ഞ മത്സരത്തിലെ മൂന്ന് വിക്കറ്റടക്കം 22 വിക്കറ്റാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു നേട്ടവും ചഹലിനെ തേടിയെത്തിയിരിക്കുകയാണ്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 20 വിക്കറ്റ് നേട്ടം കൊയ്യുന്ന രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ചഹല്‍ ഒരു സീസണില്‍ ഇരുപതിലധികം വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.
ഇക്കാര്യത്തില്‍ തന്റെ നിലവിലെ ആശാനായ മലിംഗയുടെ റെക്കോഡിനൊപ്പമെത്താനും ചഹലിനായി. രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കോച്ചും ശ്രീലങ്കന്‍ പേസ് സെന്‍സേഷനുമായ ലസിത് മലിംഗയുടെ റെക്കോഡിനൊപ്പമാണ് ചഹല്‍ എത്തിയത്.
2011, 2012, 2013, 2015 സീസണുകളിലാണ് മലിംഗ ഇരുപതിലധികം വിക്കറ്റ് കൊയ്തത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു ഈ നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നാണ് തൊട്ടുപിന്നില്‍. മൂന്ന് സീസണില്‍ ഇരുപതിലധികം വിക്കറ്റുകളാണ് നരെയ്ന്‍ സ്വന്തമാക്കിയത്.
11 മത്സരത്തില്‍ നിന്നുമാണ് ചഹല്‍ 22 വിക്കറ്റ് സ്വന്തമാക്കിയത്. 7.25 എക്കോണമിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ 44 ഓവര്‍ എറിഞ്ഞ ചഹല്‍ 319 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
വരാനിരിക്കുന്ന മത്സരത്തിലും തന്റെ വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാനാവും എന്ന ഉറച്ച പ്രതീക്ഷയിലാണ് ചഹല്‍. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും റോയല്‍സിനായി.
Content Highlight: Yuzvendra Chahal becomes only second IPL bowler after Lasith Malinga to reach incredible wicket-taking feat