| Sunday, 2nd April 2023, 9:44 pm

റെക്കോഡിന് ഒരു വിക്കറ്റ് മാത്രം മതിയെന്നിരിക്കെ നാല് വിക്കറ്റ് വീഴ്ത്തിയ കൊലമാസ് പ്രകടനം; ചഹലാടാ, കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ തന്റെ ക്യാമ്പെയ്ന്‍ രാജകീയമാക്കി രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്വേന്ദ്ര ചഹല്‍.

കഴിഞ്ഞ സീസണിലേതെന്ന പോലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഈ സീസണിലും തന്റെ തലയില്‍ തന്നെ കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ചഹലിന്റെ പ്രകടനം.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് കേവലം 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. 4.25 എന്ന തകര്‍പ്പന്‍ എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ചഹലിന് മുമ്പില്‍ വീണത്.

ഈ വിക്കറ്റ് നേട്ടത്തിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ചഹലിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡിന് പുറമെ ടി-20യില്‍ 300 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന ഖ്യാതിയും ചഹലിനെ തേടിയെത്തിയിരുന്നു.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് മുമ്പ് 299 വിക്കറ്റ് വീഴ്ത്തിയ ചഹലിന് റെക്കോഡ് നേട്ടത്തിനായി വെറും ഒരു വിക്കറ്റ് മതിയായിരുന്നു. എന്നാല്‍ വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയാല്‍ നിര്‍ത്താന്‍ സാധിക്കാത്ത ചഹലായിരുന്നു ഹൈദരാബാദിലെ കാഴ്ച. നിലവില്‍ 303 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഇതിന് പുറമെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഐ.പി.എല്ലില്‍ ഏറ്റവും മികച്ച ബൗളര്‍ എന്ന റെക്കോഡും ചഹലിനെ തേടിയെത്തും. നിലവില്‍ 170 വിക്കറ്റുമായി മലിംഗക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ചഹല്‍.

14 കൂടി വിക്കറ്റുകള്‍ ഈ സീസണില്‍ വീഴ്ത്താന്‍ ചഹലിനായാല്‍ ഡ്വെയ്ന്‍ ബ്രോവോയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ചഹലിന് സാധിക്കും.

ചഹലിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്താനും രാജസ്ഥാന് സാധിച്ചു.

ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

Content highlight: Yuzvendra Chahal becomes first Indian bowler to take 300 T20 wickets

We use cookies to give you the best possible experience. Learn more