| Monday, 25th July 2022, 8:29 pm

അക്‌സറിന്റെ ബാറ്റിങ് കണ്ടപ്പോള്‍ തന്റെ പഴയകാലം ഓര്‍മ വന്നെന്ന് യുസ്വേന്ദ്ര ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ഏറെ ചര്‍ച്ചായകുന്നതാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ‘ചഹല്‍ ടി.വി’ എന്ന പ്രോഗ്രാം. ടീമംഗങ്ങളെ ട്രോളിയും അല്ലാതെയുമുള്ള നിമിഷങ്ങളാണ് പരിപാടിയില്‍ അദ്ദേഹം പങ്കുവെക്കാറുള്ളത്.

ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അദ്ദേഹം പുതിയ വീഡിയോയുമായി രംഗത്തെത്താറുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ കൂടെ വീഡിയോയില്‍ ഉണ്ടായിരുന്നത് കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ വിജയശില്‍പിയായ അക്‌സര്‍ പട്ടേലാണ്.

മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ പുറത്തെടുത്തത്. 312 റണ്‍സ് ചെയിസ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 205ല്‍ നില്‍ക്കവെയായിരുന്നു അക്സര്‍ ബാറ്റിങ്ങിനിറങ്ങിയത്. 11 ഓവറില്‍ 107 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് അക്‌സറിന്റെ കടന്നാക്രമണമായിരുന്നു.

35 പന്തില്‍ നിന്നും 64 റണ്‍സാണ് പട്ടേല്‍ സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അവസാന ഓവറില്‍ സിക്‌സറടിച്ചുകൊണ്ടാണ് അക്‌സര്‍ മത്സരം ഫിനിഷ് ചെയ്തത്.

മത്സരത്തിന് ശേഷം അക്‌സര്‍ പട്ടേല്‍, ചഹല്‍, ആവേശ് ഖാന്‍ എന്നിവര്‍ ചേര്‍ന്നുള്ള സംഭാഷണമാണ് ബി.സി.സി. ഐ ട്വിറ്ററില്‍ പങ്കുവെച്ചത്.

തന്റെ കല്ല്യാണത്തിന് പോലും ഇത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല, അത്രയും സമര്‍ദ്ദമുള്ള മത്സരമായിരുന്നു. എന്നാണ് ചഹല്‍ പറഞ്ഞത്. എങ്ങനെ ഈ സമര്‍ദ്ദത്തെ അതിജീവിച്ചു എന്നും അദ്ദേഹം പട്ടേലിനോട് ചോദിച്ചു.

ആവേശ് ഖാന്‍ പറഞ്ഞുതന്ന ബുദ്ധിവെച്ചാണ് താന്‍ കളിച്ചതെന്നാണ് അക്‌സര്‍ പട്ടേല്‍ ഇതിന് മറുപടി കൊടുത്തത്.

‘നമ്മുടെ സ്വന്തം ആവേശ് ഭയ്യ തലച്ചോര്‍ ഉപയോഗിച്ച് ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തു, അവന്‍ ക്രീസില്‍ എന്നോട് പറഞ്ഞതുപോലെയാണ് ഞാന്‍ കളിച്ചത്. അവസാന ഓവര്‍ മെയിന്‍ മൂന്ന് ബൗളര്‍മാരില്‍ ആരും ആയിരിക്കില്ല എന്നായിരുന്നു അവന്‍ പറഞ്ഞ് തന്നത്,’ അക്‌സര്‍ പറഞ്ഞു.

ചഹല്‍ വളരെ തമാശരുപേണ അകസറിന്റെ ഇന്നിങ്‌സിനെ അഭിനന്ദിച്ചിരുന്നു. അകസ്‌റിന്റെ ബാറ്റിങ് കണ്ടപ്പോള്‍ താന്‍ പഴയ കാലത്ത് ബാറ്റ് ചെയ്ത രീതി ഓര്‍മ വന്നെന്നും അദ്ദേഹം പറയുന്നു.

‘നിങ്ങളുടെ ഇന്നിങ്‌സ് കാണാന്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. വളരെ അപൂര്‍വമായേ ഒരു കളിക്കാരന്‍ ഇത്തരമൊരു ഇന്നിങ്‌സ് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. നീ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ഇങ്ങനെ കളിച്ചിരുന്ന എന്റെ പഴയ നല്ല നാളുകള്‍ ഓര്‍ത്തു,’ ചഹല്‍ പറയുന്നു.

ഇതിന് വളരെ രസകരമായിട്ടാണ് അക്‌സര്‍ മറുപടി കൊടുത്തത്. ചഹലിനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് താന്‍ തന്നെ മത്സരം വിജയിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

‘അത് തന്നെയാണ് ഞാനും ചിന്തച്ചത്. എന്റെ വിക്കറ്റ് നഷ്ടപ്പെട്ടാല്‍ ചഹല്‍ ഭായ് നേരത്തെ വന്ന് എല്ലാ സമര്‍ദ്ദവും കൈകാര്യം ചെയ്യേണ്ടിവരും. അതിനാല്‍ ചഹല്‍ ഭായിയെ ബുദ്ധിമുട്ടിക്കരുതെന്നും ജോലി സ്വയം ചെയ്യണമെന്നും ഞാന്‍ കരുതി,’ അക്‌സര്‍ പറഞ്ഞു.

ഇരുവരുടേയും ചാറ്റ് ഷോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Content Highlights: Yuzvendra Chahal and Axar Patels Funny chat

Latest Stories

We use cookies to give you the best possible experience. Learn more