സഞ്ജു ധോണിയെ പോലെ, എന്റെ ബൗളിങ് മെച്ചപ്പെടാന്‍ കാരണവും സഞ്ജു: ചഹല്‍
IPL
സഞ്ജു ധോണിയെ പോലെ, എന്റെ ബൗളിങ് മെച്ചപ്പെടാന്‍ കാരണവും സഞ്ജു: ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 2:59 pm

 

 

ഐ.പി.എല്ലില്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പ്രധാനിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി പര്‍പ്പിള്‍ ക്യാപ്പ് നേടിയാണ് താരം തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ചഹല്‍ തന്നെയാണ്.

ഈ സീസണിലും ചഹല്‍ ബൗളിങ്ങില്‍ തന്റെ മാന്ത്രികത വ്യക്തമാക്കുന്നുണ്ട്. ആറ് മത്സരത്തില്‍ നിന്നും 11 വിക്കറ്റാണ് താരം ഇതുവരെ നേടിയത്. നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമനും ചഹല്‍ തന്നെ.

ഇപ്പോള്‍ ചഹല്‍ തന്റെ ക്യാപ്റ്റനായ സഞ്ജു സാംസണെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്നെ സംബന്ധിച്ച് സഞ്ജു ധോണിയെ പോലെയാണെന്നും തന്റെ ബൗളിങ് മെച്ചപ്പെടാന്‍ കാരണം സഞ്ജുവാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഹ്യുമണ്‍സ് ഓഫ് ബോംബേക്ക് നല്‍കിയ അഭിമുഖത്തിലാണ് ചഹല്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലും ഞാന്‍ കളിച്ചിട്ടുണ്ട്. മഹി ഭായ്‌യോ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ ആകട്ടെ ഒരു ബൗളര്‍ക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം ഈ മൂന്ന് പേരും എനിക്ക് നല്‍കിയിട്ടുമുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അതാണ്.

ഐ.പി.എല്ലില്‍ സഞ്ജുവാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍. എനിക്ക് തോന്നുന്നത് സഞ്ജുവിന് മഹി ഭായിയോട് ഏറെ സാമ്യമുണ്ടെന്നാണ്. അദ്ദേഹം വളരെ ശാന്തനായ താരമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബൗളര്‍ എന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും വളര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം സഞ്ജുവാണ്.

 

നിനക്ക് നാല് ഓവറുണ്ട്. അതില്‍ നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം, അതിനുള്ള ഫ്രീഡം നിനക്കുണ്ട് എന്നായിരുന്നു സഞ്ജു എന്നോട് പറഞ്ഞത്,’ ചഹല്‍ പറഞ്ഞു.

അതേസമയം, തന്റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ചഹലിന് ഇനി നേരിടാനുള്ളത്. ഏപ്രില്‍ 23ന് ചിന്നസ്വാമിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നിലവില്‍ ആറ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ആറാം സ്ഥാനത്താണ് ആര്‍.സി.ബി.

 

 

Content Highlight: Yuzvendra Chahal about Sanju Samson