ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ തോല്‍വി. അവസാന ഓവറില്‍ അടിച്ചുതകര്‍ത്ത് വിജയം നേടാമെന്ന നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തന്ത്രം പാളി. അര്‍ബുദ രോഗത്തോട് പൊരുതി ജയിച്ച യുവരാജ് സിങ് രണ്ടാംവരവില്‍ 34 റണ്‍സ് സ്വന്തമാക്കി മികവ് കാട്ടി.[]
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ബ്രണ്ടന്‍ മെക്കല്ലത്തിന്റെ (55 പന്തില്‍ 91) തകര്‍പ്പന്‍ പെര്‍ഫോമെന്‍സിന്റെ ബലത്തില്‍ 167 റണ്‍സ് സ്വന്തമാക്കി. ഈ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലാമത്തെ പന്തില്‍ യുവരാജ് സിങ് ക്ലീന്‍ബൗള്‍ഡായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ മങ്ങി. പകരമിറങ്ങിയ രോഹിത് ശര്‍മയ്ക്കാകട്ടെ മൂന്ന് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര ന്യൂസിലന്‍ഡ് (1-0) സ്വന്തമാക്കി. ബ്രണ്ടന്‍ മെക്കല്ലമാണ് കളിയിലെ താരം. ന്യൂസിലന്‍ഡിനെതിരെ കളിച്ച നാല് ട്വന്റി-20 മത്സരങ്ങളും തോറ്റെന്ന ചീത്തപ്പേരും ഇതോടെ ടീം ഇന്ത്യക്ക് കിട്ടി.
ഓപ്പണറായി ഇറങ്ങിയ വിരാട് കൊഹ്‌ലി 70ഉം സുരേഷ് റെയ്‌ന 27ഉം ധോണി 22ഉം റണ്‍സെടുത്തു. 26 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെയാണ് യുവരാജ് 34 റണ്‍സെടുത്തത്. കാണികളില്‍ നിന്നും ആവേശ സ്വീകരണമാണ് യുവിക്ക് ലഭിച്ചത്.
യുവരാജ് ബൗളിങ്ങിലും ബാറ്റിങ്ങിലും തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. രണ്ട് ഓവര്‍ എറിഞ്ഞ യുവി 14 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.
സഹീര്‍ ഖാന്റെയും ഇര്‍ഫാന്‍ പഠാന്റെയും ബൗളിങ് കിവീസിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍മാരായ റോബ് നിക്കോള്‍ പൂജ്യത്തിനും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഒരു റണ്‍സിനും പുറത്തായി.
ബ്രണ്ടന്‍ മെക്കല്ലവും കെയ്ന്‍ വില്യംസണും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 90 റണ്‍സാണ് കിവീസിന് ശക്തിപകര്‍ന്നത്. 91 റണ്‍സെടുത്ത ബ്രണ്ടന്‍ മെക്കല്ലത്തിന് പുറമേ വില്യംസണ്‍ (28), ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍(25 നോട്ടൗട്ട്) ജോക്കബ് ഓറം (18) എന്നിവരുടെ പ്രകടനം കിവീസിന് നേട്ടമായി. 55 പന്തുകള്‍ നേരിട്ട മെക്കല്ലം 11 ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് 91 റണ്‍സ് നേടിയത്.
കനത്ത മഴമൂലം വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന ആദ്യമത്സരം ഉപേക്ഷിച്ചിരുന്നു.