ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യന്‍ വനിതാടീമിന്റെ നിരവധി വിജയത്തില്‍ നെടുംതൂണായി നിന്ന ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ഏറ്റവും മികച്ച ടി-20 ക്യാപ്റ്റന്‍ എന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡ് ധോണിയുടെ പേരിലോ രോഹിത് ശര്‍മയുടെ പേരിലോ അല്ല, മറിച്ച് അത് ഹര്‍മന്‍പ്രീത് കൗറിന്റെ എന്ന കാര്യം പലര്‍ക്കും അറിയാത്ത വസ്തുതയാണ്.
എന്നാല്‍ ക്രിക്കറ്റ് എന്നാല്‍ ഇപ്പോഴും പുരുഷ കേന്ദ്രികൃതമാണെന്നതും വസ്തുതയാണ്. ഈ സമസ്യക്ക് ഒരു പരിഹാരം കാണണമെന്ന ഉദ്ദേശത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ യുവരാജ് സിങ്.
ഗൂഗിളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന് സേര്‍ച്ച് ചെയ്താല്‍ രോഹിത് ശര്‍മയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും റിസള്‍ട്ടാണ് ലഭിക്കുക. എന്നാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രമെവിടെയെന്നാണ് യുവരാജ് ചോദിക്കുന്നത്.
ഇതിന് ഒരു മാറ്റം വരണമെന്നുറച്ച് ഹാഷ്ടാഗ് ക്യാമ്പെയ്‌നുമായാണ് യുവരാജ് എത്തിയിരിക്കുന്നത്. യുവരാജിന് പുറമെ മറ്റ് പല താരങ്ങളും സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയും ഈ ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ഇത് നമ്മളുണ്ടാക്കിയ പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശേഷി നമ്മള്‍ക്കുണ്ട്. വനിതാ ക്രിക്കറ്റിനായി നമുക്കത് ചെയ്യാം. ക്വാറ, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ #IndianCricketTeamCaptainHarmanpreetKaur എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക. ഒരു മാറ്റത്തിനായി തുടക്കം കുറിക്കുക,’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് യുവരാജ് ആളുകള്‍ക്കിടിയിലേക്ക് ഈ ക്യാമ്പെയുമായെത്തിയത്.
ഇതിനോടകം തന്നെ നിരവധി പേര്‍ ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടുണ്ട്.
അതേസമയം, ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം അയര്‍ലന്‍ഡിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.
നേരത്തെ, ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കളിച്ച നാല് കളിയില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ആദ്യ കളിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടും വിജയം ആവര്‍ത്തിച്ചു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 11 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഐറിഷ് പടയെ തോല്‍പിച്ചുകൊണ്ട് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
Content highlight: Yuvraj Singh with hashtag campaign for Harmanpreet Kaur