പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കഴിഞ്ഞ കുറച്ചു നാളുകളായി വെടിക്കെട്ടിന് പേരുകേട്ട യുവരാജിന്റെ ബാറ്റ് നിശബ്ദമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നുമായി ഇന്ത്യയുടെ ലോകകപ്പ് ശില്‍പ്പിയ്ക്ക് ആകെ നേടനായത് ഒരേയൊരു ഫിഫ്റ്റി മാത്രമാണ്. റിഷഭ് പന്തിനെ പോലുള്ള താരങ്ങളുടെ കടന്നു വരവ് യുവിയുടെ ഭാവിയ്ക്ക് വെല്ലുവിളിയാകുന്നുമുണ്ട്.
കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ കളത്തിലിറങ്ങിയ യുവിയ്ക്ക് ഒരബദ്ധം പറ്റി. ടിവിയില്‍ കണ്ണുംനട്ട് കളി കണ്ടവര്‍ക്ക് മാത്രം മനസിലായൊരു അബദ്ധം.
കളിക്കാനായി മറ്റ് താരങ്ങളെല്ലാം പതിവു പോലെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജേഴ്‌സിയണിഞ്ഞാണ് കളത്തിലിറങ്ങിയത്. പക്ഷെ യുവി ഇറങ്ങിയതാകട്ടെ ചാമ്പ്യന്‍സ് ട്രോഫിയുടെ ലോഗോയുള്ള ടൂര്‍ണമെന്റ് സ്‌പെഷ്യല്‍ എഡിഷന്‍ ജേഴ്‌സിയുമായാണ്.
ജേഴ്‌സി യുവിയ്ക്ക് മാറി പോയതാണോ അതോ മനപ്പൂര്‍വ്വം ധരിച്ചതാണോ എന്നറിയില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെയായിരുന്നു യുവി ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ യുവിയ്ക്ക് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഓപ്പണര്‍ അജിന്‍ക്യാ രഹനെയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 310 എടുത്തപ്പോള്‍ വെറും 14 റണ്‍സ് മാത്രമായിരുന്നു യുവിയുടെ സംഭാവന.
സാധാരണയായി ഭാഗ്യത്തിന് വേണ്ടി താരങ്ങള്‍ ഒരേ ജേഴ്‌സി തന്നെ ധരിക്കാറുണ്ട്. ഓരോ താരങ്ങള്‍ക്കും അവരുതേടായ അന്ധ വിശ്വാസങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു ലക്കി ചാം ആയിട്ടാണോ യുവി പഴയ ജേഴ്‌സി ധരിച്ചതെന്ന് അറിയില്ല. ആണെങ്കില്‍ അത് തിരുത്താന്‍ സമയമായി.
അതേസമയം, മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 103 റണ്‍സെടുത്ത അജിന്‍ക്യാ രഹാനെയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.