| Friday, 13th October 2023, 4:24 pm

ക്യാൻസറിനോട്‌ പോരാടുമ്പോൾ ഞാൻ ലോകകപ്പ്‌ കളിച്ചിട്ടുണ്ട്; ഗില്ലിന് പ്രചോദനവുമായി ഇന്ത്യൻ ലോകകപ്പ്‌ ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിൽ ക്രിക്കറ്റ്‌ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ്‌ ഇന്ത്യ പാകിസ്ഥാൻ മത്സരം. ആവേശകരമായ മത്സരം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവിനെകുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്.

2011ലെ ലോകകപ്പിൽ യുവരാജ് ക്യാൻസറുമായി പൊരുതിയ പോരാട്ടവീര്യം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗില്ലിനോട്‌ തിരിച്ചുവരാൻ യുവരാജ് പറഞ്ഞത്.

‘ഞാൻ കാൻസറുമായി മല്ലിടുമ്പോഴാണ് 2011ലെ ലോകകപ്പിൽ കളിച്ചത്. അതുകൊണ്ട് തന്നെ അന്ന് ടീമിൽ ചേരാൻ ഞാൻ വേഗം തയ്യാറായി. അതിനാൽ പാകിസ്ഥാനെതിരെ ഗിൽ കളിക്കാൻ തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ യുവരാജ് എം.എൻ.ഐയോട് പറഞ്ഞു.

‘നിങ്ങൾക്ക് പനി ഉള്ളപ്പോൾ കളിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഞാൻ ആ സാഹചര്യം അനുഭവിച്ചിട്ടുണ്ട്. നിങ്ങൾ ഫിറ്റാണെങ്കിൽ ഉറപ്പായും കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’അദ്ദേഹം കൂട്ടിചേർത്തു.

2011ൽ ലോകകപ്പ്‌ ഇന്ത്യൻ ടീം ഉയർത്തിയപ്പോൾ ഓൾ റൗണ്ട് മികവിലൂടെ മികച്ച പ്രകടനമാണ്‌ യുവരാജ് കാഴ്ചവെച്ചത്. ആ ലോകകപ്പിൽ 362 റൺസും 15 വിക്കറ്റുകളും യുവരാജ് നേടി.

ഗിൽ സമീപകാലങ്ങളിൽ മിന്നും ഫോമിലാണ് ഇന്ത്യൻ ടീമിനായി കാഴ്ചവെച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2023ൽ ഏകദിനത്തിൽ ഏറ്റവും റൺസ് നേടിയ താരവും ഗിൽ ആണ്. ഗില്ലിന്റെ അഭാവം ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ഏറെ പ്രതീക്ഷയുള്ള താരമായിരുന്നു യുവ ഓപ്പണർ ശുഭ്മൻ ഗിൽ. എന്നാൽ ലോകകപ്പ്‌ തുടങ്ങാൻ രണ്ട് ദിവസം ബാക്കിനിൽക്കെയാണ് ഗില്ലിന് പനിയാണെന്നുള്ള വാർത്ത ഇന്ത്യൻ ക്യാമ്പിനെ തേടിയെത്തിയത്. ഇതിന് പിന്നാലെ താരത്തിന് ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമുള്ള മത്സരം നഷ്ടമായിരുന്നു.

പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ താരം തിരിച്ചു വരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

ഒക്ടോബർ 14ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം നടക്കുന്നത്.

Content Highlight: Yuvraj Singh talks about the come back of Shubman gill against Pakisthan.

Latest Stories

We use cookies to give you the best possible experience. Learn more