ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആയതിനാല്‍ തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെ സമീപിക്കുന്നത്. 2013ന് ശേഷം ഒരു ഐ.സി.സി ട്രോഫി പോലും നേടാന്‍ സാധിക്കാത്ത ടീമാണ് ഇന്ത്യ. സെമി ഫൈനലുകളിലും ഫൈനലിലും കലമുടക്കുന്നത് ഇന്ത്യന്‍ ടീമിന് ശീലമായ കാര്യമാണ്.
ഇംഗ്ലണ്ടില്‍ നടന്ന 2019 ലോകകപ്പിലും സെമി ഫൈനലില്‍ ന്യുസിലാന്‍ഡിനെതിരെ തോല്‍ക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി. ഇക്കഴിഞ്ഞ ഡബ്ല്യു.ടി.സി ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കുന്നവരും കുറച്ചൊന്നുമല്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന് സാധ്യത കല്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ ലോകകപ്പ് ഹീറോയായ യുവരാജ് സിങ് ഇല്ല. ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമോ എന്ന ചോദ്യത്തിന് ഒരു ഉറപ്പുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ ടീമിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് ക്രിക്കറ്റ് ബസു എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു യുവി. ലോകകപ്പ് സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോഴാണ് യുവി ഇത്തരത്തില്‍ മറുപടി പറഞ്ഞത്.
‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് ഒരു ഉറപ്പുമില്ല. ഒരു ദേശസ്‌നേഹി എന്ന നിലയില്‍ ഇന്ത്യ ജയിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കും, എന്നാല്‍ പരിക്ക് കാരണം ഇന്ത്യന്‍ മധ്യനിരയില്‍ ഒരുപാട് ആശയകുഴപ്പങ്ങളുണ്ട്,’ യുവി പറഞ്ഞു
ഇന്ത്യ ലോകകപ്പ് നേടാത്തത് സങ്കടകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന്റെ മിഡില്‍ ഓര്‍ഡറിലെ ആശയകുഴപ്പത്തെ കുറിച്ചും യുവി സംസാരിച്ചിരുന്നു. മിഡില്‍ ഓര്‍ഡറില്‍ കൃത്യമായ കോമ്പിനേഷനുകള്‍ ഇല്ലാത്തതാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും താരം പറയുന്നു.
‘ഇന്ത്യക്ക് മികച്ച ഒരു ക്യാപ്റ്റനുണ്ട്, എന്നാല്‍ ടീം കോമ്പിനേഷന്‍ നന്നാക്കിയാല്‍ മതി, അതിന് ഒരു രണ്ട് കളികള്‍ മതിയാവും. ഒരു 20 കളിക്കാരുടെ പൂള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും ഒരു 215 പേരെ ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും,’ യുവി പറഞ്ഞു.
അതേസമയം ലോകകപ്പില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കാത്ത നിലയിലാണ്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഭദ്രമാണെങ്കിലും മിഡില്‍ ഓര്‍ഡറും ലോവര്‍ മിഡില്‍ ഓര്‍ഡറും ആരൊക്കെ കാക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമായിട്ടില്ല.