ഇന്ത്യന്‍ ക്രിക്കറ്റില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് നിര്‍ണായക പങ്ക് വഹിച്ചവരില്‍ യുവരാജ് സിങ് എന്ന യുവിയെ ആരും അത്ര പെട്ടന്ന് മറക്കില്ല. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുമായുള്ള സങ്കീര്‍ണമായ ബന്ധത്തെ കുറിച്ച് പറയുകയാണ്. രണ്ടു പേരും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.
2008ല്‍ വിരാട് കോഹ്‌ലി അരങ്ങേറ്റം നടത്തുന്ന സമയത്ത് യുവരാജ് ഒരു മികച്ച ക്രിക്കറ്റ് താരമായിരുന്നു. രണ്ട് ഏകദിന ലോകകപ്പാണ് യൂവി കോഹ്‌ലിയുടെ വരവിന് മുന്നോടിയായി കളിച്ചത്. ഒരു ടി.ട്വന്റി ലോകകപ്പ് നേടുകയും ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമാവുകയുമായിരുന്നു യുവരാജ്.
യൂട്യൂബിലെ ഡി.ആര്‍.എസ് ക്ലിപ്പ് എന്ന ചാനലില്‍ അഭിമുഖം നടക്കുമ്പോഴായിരുന്നു യുവരാജ് കോഹ്‌ലിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ അധികം അവനെ ശല്യപ്പെടുത്തിയില്ല, നിങ്ങള്‍ക്കറിയാമല്ലോ അവന്‍ തിരക്കിലാണ്,’അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
ഇരുവരും നേരില്‍ കാണുന്നത് കുറവാണെന്നും, കാണുമ്പോള്‍ അദ്ദേഹം തിരക്കിലാണെന്നും യുവി പറഞ്ഞു. തുടര്‍ന്ന് കോഹിലിയോടൊപ്പം ഉണ്ടായിരുന്ന കാലത്തെക്കുറിച്ച് യുവരാജ് ഓര്‍മിച്ചു.
‘അന്ന് വിരാട് കോഹ്‌ലിയെ ചീക്കു എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ഇന്നവന്‍ ചീക്കുവല്ല, വലിയ വ്യത്യാസമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ ക്യാപ്റ്റന്‍സിയിലും യുവരാജിന്റെ മികച്ച പ്രകടനത്തിലും 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കോഹ്‌ലിയും യുവരാജും നിര്‍ണായക പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരന്‍ യുവരാജ് ആയിരുന്നു. 2007ല്‍ സൗത്ത് ആഫ്രക്കയില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ യുവരാജ് നിര്‍ണായക പങ്ക് വഹിച്ചിട്ടുമുണ്ട്.
എന്നാല്‍ 2011 ലോകകപ്പിന് ശേഷം യുവിക്കൊപ്പമെത്താന്‍ അല്ലെങ്കില്‍ യുവിയേക്കാള്‍ മുകളിലെത്താന്‍ വിരാടിന് അതികം സമയം വേണ്ടിവന്നില്ല. ക്യാന്‍സര്‍ പിടിപെട്ട് യുവി ക്രിക്കറ്റില്‍ നിന്നും നീണ്ട ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ ഇന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോഡിനൊപ്പൊണ് കോഹ്‌ലി.
2023 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച് എട്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമണ് കാഴ്ച്ച വെക്കുന്നത്. ഇതോടെ 2023 ലോകകപ്പില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സെമി ഫൈനല്‍ ഉറപ്പിച്ച ആദ്യ ടീമായ ഇന്ത്യയുടെ അടുത്ത മത്സരം നവംബര്‍ 12ന് നെതര്‍ലന്‍ഡ്‌സിനോടാണ്. ചിന്നസ്വാമിയില്‍ വെച്ചാണ് മത്സരം.
Content Highlight: Yuvraj Singh Talking about Kohli