|

ഒത്തു പിടിച്ചാല്‍ ഹൈലസാ: മൃഗശാലയില്‍ ലൈഗറുമായുള്ള യുവരാജിന്റെ വടംവലി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സമൂഹമാധ്യമങ്ങളില്‍ വൈറലായി യുവരാജിന്റെ വടംവലി. ദുബായ് ഫെയിം പാര്‍ക്കില്‍ വെച്ചാണ് താരം വടംവലി നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം വടംവലി ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ദുബായ് ഫെയിം പാര്‍ക്കിലെ ഒരു മൃഗശാലയില്‍ വെച്ച് ലൈഗറുമായാണ് (സിംഹത്തിന്റെയും കടുവയുടെയും സങ്കരയിനം) യുവരാജും കൂട്ടുകാരും ചേര്‍ന്ന് വടംവലി നടത്തിയത്.

‘ടൈഗര്‍ വേഴ്‌സസ് ലൈഗര്‍, ആര് ജയിച്ചു കാണുമെന്ന് നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ. പേടിയെ മറികടക്കാനും യഥാര്‍ത്ഥ പ്രകൃതിയും കാടും അറിയാനും സാധിച്ചു,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മൃഗശാലയില്‍ വെച്ച് കരടിയ്ക്കും ജിറാഫിനും ഭക്ഷണം നല്‍കുന്നതും പെരുമ്പാമ്പിനെ കഴുത്തിലണിയുന്നതും തുടങ്ങി അവിടുത്തെ വിവിധ കാഴ്ചകളും താരം പങ്കുവെക്കുന്നുണ്ട്.

‘ഫെയിം പാര്‍ക്ക് മൃഗങ്ങളെ സംബന്ധിച്ച് സ്വര്‍ഗമാണ്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ അവരങ്ങനെ കഴിയുന്നു. മൃഗങ്ങളെ പരിപാലിക്കുന്നവരും മിടുക്കരാണ്.

മൃഗങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ വീഡിയോ ചിത്രീകരണ വേളയില്‍ ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ല,’ യുവരാജ് പറയുന്നു.

കുറച്ച് കാലമായി യുവരാജ് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയതിന്റെ വാര്‍ഷികത്തില്‍ ടീമിന്റെ വിജയ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ അവിസ്മരണീയമായ പങ്കായിരുന്നു അദ്ദേഹം വഹിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Yuvraj Singh Takes On A ‘Liger’ In Tug Of War, Video Goes Viral