|

ഇതൊന്നും കണ്ടിട്ട് നിങ്ങള്‍ക്ക് മനസിലാവുന്നില്ലേ യുവരാജേ... നിങ്ങള്‍ക്ക് ഇന്ത്യയോട് വല്ല ദേഷ്യവുമുണ്ടോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. പന്ത് ഭാവിയിലെ ഇതിഹാസമാണെന്നും യുവരാജ് പറഞ്ഞു.

സ്‌പോര്‍ട്‌സ് 18നോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘നിങ്ങളെപ്പോഴും ഒരാളെ തയ്യാറാക്കി നിര്‍ത്തണം. ധോണിയെ ഇന്ത്യ ക്യാപ്റ്റനാക്കിയത് ഓര്‍മയില്ലേ? ധോണി ക്യാപ്റ്റനാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ ഇന്ത്യ അത് ശരിയാക്കി എടുക്കുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ എപ്പോഴും കാര്യങ്ങള്‍ ചിന്തിക്കുന്നവനാണ്. കാരണം അവനാവും ഗ്രൗണ്ടില്‍ ഏറ്റവും മികച്ച വ്യൂ ഉണ്ടാവുക.

ഭാവിയില്‍ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള ഒരു ചെറുപ്പക്കാരനെ നിങ്ങള്‍ തെരഞ്ഞെടുക്കുക. അവന് സമയം നല്‍കുക. ആറ് മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ അവനില്‍ നിന്നും അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കരുത്. അവന് സമയം നല്‍കുക, അവനില്‍ വിശ്വസിക്കുക,’ യുവരാജ് പറയുന്നു.

റിഷബ് പന്ത് ടെസ്റ്റ് കളിക്കാന്‍ മിടുക്കനാണെന്നും പക്വതയുള്ളവനാണെന്നും യുവരാജ് പറയുന്നു.

‘ആ പ്രായത്തില്‍ എനിക്ക് ഇത്ര പക്വതയൊന്നുമില്ലായിരുന്നു. ആ പ്രായത്തില്‍ ക്യാപ്റ്റനായപ്പോള്‍ വിരാടിനും പക്വതയില്ലായിരുന്നു. എന്നാല്‍ (റിഷബ് പന്ത്) അവന്‍ കാലത്തിനനുസരിച്ച് പക്വതയുള്ളവനായി മാറുന്നു.

സെലക്ടര്‍മാര്‍ എന്താണ് ചിന്തിക്കുന്നതെനിക്കറിയില്ല, പക്ഷേ ടെസ്റ്റ് ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ റിഷബ് പന്താണെന്ന് ഞാന്‍ കരുതുന്നു,’ താരം കൂട്ടിച്ചേര്‍ത്തു.

പന്തിന് ടെസ്റ്റില്‍ നാല് സെഞ്ച്വറിയുണ്ടെന്നും അവന്‍ ഫ്യൂച്ചര്‍ ലെജന്‍ഡാണെന്നും പറഞ്ഞ യുവരാജ് റിഷബ് പന്തിനെക്കൊണ്ട് ഇന്ത്യയെ നയിക്കാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റനായ റിഷബ് പന്ത് എത്രത്തോളം മികച്ച ക്യാപ്റ്റനാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ഐ.പി.എല്ലിലും ക്യാപ്റ്റന്‍ റോളില്‍ ഒരിക്കലും താരം തിളങ്ങിയിട്ടില്ല.

സ്‌പൊന്‍ടെയ്‌ന്യസ് ഡിസിഷന്‍സ് എടുക്കാനോ ഡി.ആര്‍.എസ് മര്യാദയ്ക്ക് എടുക്കാനോ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഐ.പി.എല്ലിലും താരത്തിന്റെ മോശം ക്യാപ്റ്റന്‍സി പലപ്പോഴും കണ്ടതാണ്.

കളിക്കിടെ ടീമിനെ തിരിച്ചുവിളച്ചതടക്കമുള്ള താരത്തിന്റെ പക്വതയില്ലായ്മ ഏറെ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

അതേസമയം, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരത്തിനാണ് രാജ്കോട്ടില്‍ കളമൊരുങ്ങുന്നത്. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് തിരിച്ചുവരവ് സാധ്യമാവൂ.

പരമ്പരയിലെ ആദ്യ മത്സരത്തിലും പന്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നിരുന്നാലും നാലാം മത്സരത്തില്‍ വിജയിച്ച് തിരിച്ചുവരാനാണ് പന്തും സംഘവും ഒരുങ്ങുന്നത്.

Content Highlight: Yuvraj Singh says Rishabh Pant should be the next test captain

Latest Stories