ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ആര്‍. അശ്വിന്‍ ഒരിക്കലും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഏകദിനത്തിലും ടി-20യിലും താരത്തിന്റെ പ്രകടനം മോശമാണെന്നും യുവി പറഞ്ഞു.
ലിമിറ്റഡ് ഓവര്‍ മാച്ചില്‍ ഫീല്‍ഡര്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും അശ്വിന് കാര്യമായ സംഭവനകള്‍ ഒന്നും തന്നെ നല്‍കാന്‍ സാധിക്കുന്നില്ലെന്നും യുവരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് അശ്വിന്റെ വൈറ്റ് ബോള്‍ പ്രകടനങ്ങളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്‍ വളരെ മികച്ച താരമാണ്. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളിക്കാന്‍ വേണ്ടതെന്താണോ അത് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ടി-20യിലും ഏകദിനത്തിലും ബാറ്റര്‍ എന്ന നിലയിലും ഫീല്‍ഡര്‍ എന്ന നിലയിലും കാര്യമായ പ്രകടനങ്ങളൊന്നും തന്നെ പുറത്തെടുക്കുന്നില്ല. ഇക്കാര്യത്തില്‍ എനിക്കൊരിക്കലും അശ്വിന് അനുകൂലമായ നിലപാടെടുക്കാന്‍ സാധിക്കില്ല,’ യുവരാജ് പറഞ്ഞു.
സമീപകാലങ്ങളില്‍ അശ്വിന്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അശ്വിന്റെ സംഭാവനകള്‍ മറക്കാനും സാധിക്കില്ല. 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് കാരണമായത് അശ്വിന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡും ക്രിക്കറ്റ് ബ്രെയ്‌നും കൂടിയാണ്.
ഇന്ത്യക്കായി കളിച്ച 65 ടി-20യിലെ 19 ഇന്നിങ്‌സില്‍ നിന്നും 26.28 ശരാശരിയില്‍ 184 റണ്‍സാണ് അശ്വിന്‍ നേടിയത്. 63 ഏകദിന ഇന്നിങ്‌സില്‍ നിന്നും 86.96 സ്‌ട്രൈക്ക് റേറ്റിലും 16.44 ശരാശരിയിലും 707 റണ്‍സാണ് അശ്വിന്‍ നേടിയത്.