ലോകകപ്പ് ഫൈനലിന്റെ ആവേശം അലതല്ലുകയാണ്. സ്വന്തം മണ്ണില്‍ മൂന്നാം കിരീടം നേടാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസീസ് ലക്ഷ്യം വെക്കുന്നത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജയപരാജയങ്ങള്‍ പ്രവചിക്കുന്നത് ഏറെ പ്രയാസകരമാണ്.
മുഹമ്മദ് ഷമിയാണ് ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ഫൈഫറും ഒരു ഫോര്‍ഫറുമായി 23 വിക്കറ്റ് നേടി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് ഷമി.
ഇപ്പോള്‍ ലോകകപ്പിന്റെ താരമായി ഷമിയെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2011 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റുമായ യുവരാജ് സിങ്.
ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാലും ഒരുപക്ഷേ പരാജയപ്പെട്ടാലും ടൂര്‍ണമെന്റിലെ താരമായി മുഹമ്മദ് ഷമിയെ തന്നെ തെരഞ്ഞെടുക്കണമെന്നാണ് തന്റെ അഭിപ്രായമെനന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ യുവി പറഞ്ഞു.
‘ഇന്ത്യ ഫൈനലില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താലും എന്റെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് മുഹമ്മദ് ഷമി തന്നെയാണ്. അവന്‍ വളരെ മികച്ച രീതിയിലാണ് ടൂര്‍ണമെന്റിലൊന്നാകെ പന്തെറിയുന്നത്.
ഗൗതം ഗംഭീര്‍ പറയും പോലെ ബൗളര്‍മാര്‍ക്ക് ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കാന്‍ സാധിക്കും. ആദ്യ കുറച്ച് മത്സരങ്ങളില്‍ അവന്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ അവന്‍ ചെയ്തതെന്തെന്ന് നോക്കൂ,’ യുവരാജ് പറഞ്ഞു.
അതേസമയം, ഐ.സി.സി പുറത്തുവിട്ട മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് നോമിനേഷനില്‍ മുഹമ്മദ് ഷമിയും ഉള്‍പ്പെട്ടിരുന്നു.ഷമിക്ക് പുറമെ വിരാട് കോഹ്‌ലിയടക്കമുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളെയും മാന്‍ ഓഫ് ടൂര്‍ണമെന്റിലെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള നോമിനേഷന്‍സ്
വിരാട് കോഹ്‌ലി (ഇന്ത്യ)
മുഹമ്മദ് ഷമി (ഇന്ത്യ)
രോഹിത് ശര്‍മ (ഇന്ത്യ)
ജസ്പ്രീത് ബുംറ (ഇന്ത്യ)
ഡാരില്‍ മിച്ചല്‍ (ന്യൂസിലാന്‍ഡ്)
ഗ്ലെന്‍ മാക്‌സ്‌വെല്‍ – (ഓസ്‌ട്രേലിയ
രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്)
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക
ആദം സാംപ (ഓസ്‌ട്രേലിയ)