| Saturday, 24th September 2022, 10:00 pm

ആരെ ക്യാപ്റ്റനാക്കിയാലും നിന്നെ ക്യാപ്റ്റനാക്കില്ല എന്ന് ബി.സി.സി.ഐ പറഞ്ഞു, അങ്ങനെ എവിടെനിന്നോ വന്ന് ധോണി ക്യാപ്റ്റനായി: യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ തങ്ങളുടെ ടി-20 ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. 2007 ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ പാകിസ്ഥാനെ തകര്‍ത്തായിരുന്നു ഇന്ത്യ ലോക ചാമ്പ്യന്‍മാരായത്.

ഒരുപറ്റം യുവതാരങ്ങളുമായിട്ടായിരുന്നു ഇന്ത്യന്‍ സംഘം ജോഹനാസ്‌ബെര്‍ഗിലേക്ക് വിമാനം കയറിയത്. യുവനായകന്‍ എം.എസ്. ധോണിക്കൊപ്പം കരുത്തരായ ഒരു പറ്റം യുവതാരനിരകൂടി ചേര്‍ന്നപ്പോള്‍ അസംഭവ്യമെന്ന് കരുതിയത് നടക്കുകയായിരുന്നു.

2007ലെ 50 ഓവര്‍ ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ പല സീനിയര്‍ താരങ്ങളും ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല.

സച്ചിനും ഗ്രാവിഡും ഗാംഗുലിയുമടക്കം ടീമില്‍ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ അല്‍പം ആശങ്കയിലായിരുന്നു.

എന്നാല്‍ ഇന്ത്യ കിരീടമുയര്‍ത്തിയതോടെ ആ ആശങ്ക ആവേശമാവുകയും പുതിയ ഒരു നായകന്റെ പിറവിക്ക് കൂടി കാരണമാവുകയുമായിരുന്നു.

എന്നാല്‍ ധോണിയായിരുന്നില്ല, താനായിരുന്നു ടീമിന്റെ നായകന്‍ ആവേണ്ടിയിരുന്നതെന്ന് പറയുകയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ യുവരാജ് സിങ്.

സ്‌പോര്‍ട്‌സ് 18ന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞിരുന്നത്. ഇന്ത്യയുടെ ലോകകപ്പ് വാര്‍ഷികം എത്തിയതോടെ പഴയ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.

‘ഞാനായിരുന്നു ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത്. അതിനിടയില്‍ ഗ്രെഗ് ചാപ്പലുമായുള്ള ആ സംഭവം നടന്നു. ചാപ്പലോ സച്ചിനോ ഇവരില്‍ ഒരാള്‍ മാത്രം മതി എന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തി. ഞാന്‍ എന്റെ സഹതാരത്തെ പിന്തുണച്ചു.

എന്നാല്‍ ചില ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അതത്രക്ക് പിടിച്ചില്ല. ആരെ പിടിച്ച് ഇന്ത്യയുടെ ക്യാപ്റ്റനാക്കിയാലും നിന്നെ ക്യാപ്റ്റനാക്കില്ല എന്നവര്‍ പറഞ്ഞു. ഇതാണ് ഞാന്‍ കേട്ടത്,’ യുവരാജ് പറഞ്ഞു.

‘ഇത് എത്രത്തോളം സത്യമാണ് എന്നൊന്നും എനിക്ക് വലിയ പിടിയില്ല. എന്നെ അവര്‍ വൈസ് ക്യാപ്റ്റന്റെ സ്ഥാനത്ത് നിന്നടക്കം മാറ്റി.

അങ്ങനെ എവിടെ നിന്നോ ധോണി 2007 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറി,’ യുവരാജ് പറഞ്ഞു.

Content highlight: Yuvraj Singh said that he should have been the captain of the Indian team, not Dhoni

Latest Stories

We use cookies to give you the best possible experience. Learn more