| Tuesday, 3rd September 2024, 11:57 am

അച്ഛന് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു; കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്ന പ്രസ്താവനക്ക് പിന്നാലെ വൈറലായി യുവിയുടെ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങ്ങിന്റെ പ്രസ്താവനകള്‍ ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. എം.എസ്. ധോണിയാണ് യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചതെന്നും, കപില്‍ ദേവിനെക്കാളും മികച്ച ക്രിക്കറ്ററാണ് യുവരാജ് സിങ് എന്നുമാണ് യോഗ് രാജ് സിങ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ യുവരാജ് സിങ്ങിന്റെ പഴയ ഒരു ക്ലിപ്പും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവ ചര്‍ച്ചയാവുകയാണ്. യോഗ്‌രാജ് സിങ്ങിന്റെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള യുവിയുടെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘എനിക്ക് തോന്നുന്നത് അച്ഛന് മാനസികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്നാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറാകുന്നില്ല. ഇത് അഭിസംബോധന ചെയ്യപ്പെടേണ്ട കാര്യമാണ്, എന്നാല്‍ അദ്ദേഹമതിന് തയ്യാറാകുന്നില്ല,’ എന്നാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്‍വീര്‍ അലാബ്ദിയയുടെ പോഡ്കാസ്റ്റില്‍ യുവരാജ് പറഞ്ഞത്.

ഇതോടെ യോഗ്‌രാജ് സിങ്ങിന്റെ വാക്കുകള്‍ കാര്യമാക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

സീ സ്വിച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ്‌രാജ് സിങ് ധോണിക്കും കപിലിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത്.

ധോണിയാണ് യുവരാജിന്റെ കരിയര്‍ ഇല്ലാതാക്കിയത് എന്നതടക്കമുള്ള ആരോപണങ്ങളാണ് മുന്‍ ഇന്ത്യന്‍ താരം ഉന്നയിച്ചത്.

‘ഞാന്‍ ഒരിക്കലും എം. എസ് ധോണിയോട് പൊറുക്കില്ല. അവന്‍ കണ്ണാടിയില്‍ സ്വയം മുഖമൊന്ന് നോക്കണം. അവന്‍ വലിയ ക്രിക്കറ്ററാണ്, എന്നാല്‍ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. അതൊന്നും ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്ത ആരോടും ഞാന്‍ ഒരിക്കലും ക്ഷമിച്ചിട്ടില്ല. രണ്ടാമത്, എന്റെ കുടുംബാംഗങ്ങളെയോ കുട്ടികളെയോ ഞാന്‍ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.

നാലോ അഞ്ചോ വര്‍ഷംകൂടി കളിക്കാമായിരുന്ന എന്റെ മകന്റെ ക്രിക്കറ്റ് ജീവിതം ധോണി നശിപ്പിച്ചു. ക്യാന്‍സര്‍ ബാധിച്ച് കളിച്ചതിലും രാജ്യത്തിനായി ലോകകപ്പ് നേടിയതിനും ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്ന പുരസ്‌കാരം നല്‍കണം. ഇത് പണ്ട് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു ധോണിയെ കുറിച്ചുള്ള യോഗ്‌രാജിന്റെ പരാമര്‍ശം.

കപില്‍ ദേവിനെക്കാള്‍ കിരീടങ്ങള്‍ യുവരാജ് നേടിയിട്ടുണ്ടെന്നും, തന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയതിന് കാരണക്കാരനാണന്നുമാണ് ഹരിയാന ഹറികെയ്‌നെതിരെയുള്ള യോഗ്‌രാജിന്റെ വിമര്‍ശനം

‘ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, കപില്‍ ദേവ്… ഈ ലോകം നിങ്ങളെ ശപിക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നു. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് വെറും ഒരു കിരീടം മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളൂ, ലോകകപ്പ് മാത്രം. ചര്‍ച്ചയവസാനിപ്പിക്കാം,’ യോഗ്‌രാജ് സിങ് പറഞ്ഞു.

Content Highlight: Yuvraj Singh’s old statement about father’s mental health goes viral

We use cookies to give you the best possible experience. Learn more