| Monday, 2nd September 2024, 3:26 pm

ഈ ലോകം നിന്നെ ശപിക്കുന്ന അവസ്ഥയിലേക്ക് ഞാന്‍ കൊണ്ടെത്തിക്കും; ധോണിക്ക് പിന്നാലെ കപില്‍ ദേവിനെതിരെയും യുവരാജിന്റെ പിതാവ്

സ്പോര്‍ട്സ് ഡെസ്‌ക്

എം.എസ്. ധോണിക്ക് പിന്നാലെ ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. കപില്‍ ദേവിനെ യുവരാജുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു യോഗ്‌രാജ് സിങ് രംഗത്തെത്തിയത്.

1981ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ യോഗ് രാജ് സിങ്ങും കപില്‍ ദേവും തമ്മില്‍ മികച്ച ബന്ധമായിരുന്നില്ല പുലര്‍ത്തിയത്. തന്നെ പുറത്താക്കിയതിന് കാരണം കപില്‍ ദേവാണെന്നാണ് യോഗ് രാജ് സിങ് വിശ്വസിക്കുന്നത്.

സീ സ്വിച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിങ് കപില്‍ ദേവിനെതിരെയും രംഗത്തെത്തിയത്. തന്റെ മകന്‍ യുവരാജ് സിങ് 13 കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്നും എന്നാല്‍ കപില്‍ ദേവ് വെറും ഒരു കിരീടം മാത്രമേ നേടിയിട്ടുള്ളൂ എന്നും യോഗ് രാജ് സിങ് വിമര്‍ശിച്ചു.

‘ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, കപില്‍ ദേവ്… ഈ ലോകം നിങ്ങളെ ശപിക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നു. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് വെറും ഒരു കിരീടം മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളൂ, ലോകകപ്പ് മാത്രം. ചര്‍ച്ചയവസാനിപ്പിക്കാം,’ യോഗ് രാജ് സിങ് പറഞ്ഞു.

ഈ അഭിമുഖത്തില്‍ ധോണിക്കെതിരെയും ഇദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളം ഇനിയും കളിക്കാന്‍ സാധിക്കുമായിരുന്ന യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഞാന്‍ ഒരിക്കലും എം. എസ് ധോണിയോട് പൊറുക്കില്ല. അവന്‍ കണ്ണാടിയില്‍ സ്വയം മുഖമൊന്ന് നോക്കണം. അവന്‍ വലിയ ക്രിക്കറ്ററാണ്, എന്നാല്‍ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. അതൊന്നും ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്ത ആരോടും ഞാന്‍ ഒരിക്കലും ക്ഷമിച്ചിട്ടില്ല. രണ്ടാമത്, എന്റെ കുടുംബാംഗങ്ങളെയോ കുട്ടികളെയോ ഞാന്‍ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.

നാലോ അഞ്ചോ വര്‍ഷംകൂടി കളിക്കാമായിരുന്ന എന്റെ മകന്റെ ക്രിക്കറ്റ് ജീവിതം ധോണി നശിപ്പിച്ചു. ക്യാന്‍സര്‍ ബാധിച്ച് കളിച്ചതിലും രാജ്യത്തിനായി ലോകകപ്പ് നേടിയതിനും ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കണം. ഇത് പണ്ട് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും പറഞ്ഞിട്ടുണ്ട്,’ യോഗ്രാജ് സിങ് പറഞ്ഞു.

Content Highlight: Yuvraj Singh’s Father Yograj Singh Slams Kapil Dev

We use cookies to give you the best possible experience. Learn more