| Monday, 19th September 2022, 11:51 am

മറക്കാനാകുമോ യുവരാജ് സിങ്ങിന്റെ ആ ആറാട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വളരെ സവിശേഷമായ ദിവസമാണ്. 15 വര്‍ഷം മുമ്പ് ഈ ദിവസം, അതായത് 2007 സെപ്റ്റംബര്‍ 19ന് യുവരാജ് സിങ് ഡര്‍ബന്‍ ഗ്രൗണ്ടില്‍ ചരിത്രം സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറിലെ 6 പന്തിലും 6 സിക്‌സറുകളാണ് യുവരാജ് നേടിയത്. ആഫ്രിക്കന്‍ താരമായ ഹെര്‍ഷല്‍ ഗിബ്‌സിന് ശേഷം ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനായി യുവി അറിയപ്പെട്ടു.

ടി20 ലോകകപ്പിലെ ആ 21-ാം മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 18-ാം ഓവര്‍ നടക്കുമ്പോള്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് ബോള്‍ ചെയ്യുന്നതിനിടെ യുവരാജിനോട് സംസാരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ഫ്ലിന്റോഫ് യുവരാജിനോട് മോശമായ ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. പക്ഷേ അതിന്റെ ഭാരം ബ്രോഡിന് വഹിക്കേണ്ടിവന്നു. 19-ാം ഓവറില്‍ ബ്രോഡിന്റെ എല്ലാ പന്തുകളും യുവരാജ് ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് കൊണ്ടുപോയി. ക്രീസിന്റെ മറ്റേ അറ്റത്ത് നിന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി യുവിയെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ആന്‍ഡ്രൂ ഫ്ലിന്റോഫ് പന്തെറിയ രണ്ട് ഫോറടിച്ചതായി താന്‍ ഓര്‍ക്കുന്നെന്നും അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും യുവരാജ് സിങ് പറഞ്ഞു. മത്സരത്തിനിടെ ‘ഇവിടെ വരൂ, ഞാന്‍ നിങ്ങളുടെ കഴുത്ത് തകര്‍ക്കും’ എന്നായിരുന്നു ഫ്ലിന്റോഫ് പറഞ്ഞത്. ആ പോരാട്ടം വളരെ ഗൗരവമുള്ളതായിരുന്നെന്ന് യുവരാജ് പറഞ്ഞു. ഓരോ പന്തും സിക്‌സറാക്കണമെന്നാണ് തനിക്കപ്പോള്‍ തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ മത്സരത്തില്‍ വെറും 12 പന്തിലാണ് യുവരാജ് അര്‍ധ സെഞ്ച്വറി നേടുന്നത്. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡ് യുവരാജ് സിങ്ങിന്റെ പേരിലാണ്. 16 പന്തില്‍ 7 സിക്സും 3 ഫോറും സഹിതം 58 റണ്‍സാണ് യുവി നേടിയത്.

യുവിയുടെ ഇന്നിങ്സിന്റെ കരുത്തില്‍ ആ മത്സരത്തില്‍ ഇന്ത്യ 218/4 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 18 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു അഭിമുഖത്തില്‍ ഈ സംഭവത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ മത്സരത്തില്‍ യുവരാജ് നന്നായി പന്തെറിഞ്ഞുവെന്നും യുവി 6 സിക്‌സറുകള്‍ അടിച്ചപ്പോള്‍ എനിക്ക് 21 വയസ്സായിരുന്നെന്നും ബ്രോഡ് പറഞ്ഞു. അന്ന് ഡെത്ത് ഓവറുകളില്‍ പന്തെറിഞ്ഞ പരിചയം ഇല്ലായിരുന്ന തന്നെ സ്ലോ യോര്‍ക്കറിന്റെ ഒരു ഡെലിവറിയും തുണച്ചില്ലെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ രണ്ട് ഇന്ത്യക്കാര്‍ രവി ശാസ്ത്രിയും യുവരാജ് സിങും മാത്രമാണ്. ഒരു ആഭ്യന്തര ക്രിക്കറ്റിലാണ് ശാസ്ത്രിയുടെ നേട്ടമെങ്കില്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഈ റെക്കോഡ് പേരിലാക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരമാണ് യുവി.

ടി-20 ക്രിക്കറ്റില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും യുവരാജ് സ്വന്തമാക്കി. ടി-20 ലോകകപ്പ് ഏറ്റുമുട്ടലില്‍ ഇത്തരമൊരു പ്രകടനം കാഴ്ചവെച്ച ലോകത്തിലെ ഏക കളിക്കാരനാണ് യുവരാജ് സിങ്.

Content Highlight: Remembering Yuvraj Singh’s epic match scoring 6 sixes in an over

We use cookies to give you the best possible experience. Learn more