ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും വിക്കറ്റ് കീപ്പര്‍ ബാറ്ററും യുവതാരവുമായ റിഷബ് പന്തിന്റെ ഏകദിനത്തിലെ ആദ്യ സെഞ്ച്വറിയുമായപ്പോള്‍ ഇന്ത്യ അനായാസം മത്സരം കൈപ്പിടിയിലൊതുക്കിയിരുന്നു.
പന്തിന്റെ മാസ്മരിക പ്രകടനത്തിന് പിന്നാലെ താരത്തിന് പലകോണുകളില്‍ നിന്നും പ്രശസയുടെ പ്രവാഹമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് സിങ്ങും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ട്വിറ്ററിലൂടെയായിയിരുന്നു യുവരാജ് പന്തിന് ആശംസയറിയിച്ചത്.
‘ആ 45 മിനിറ്റ് നീണ്ട സംഭാഷണം കൊണ്ട് കാര്യമുണ്ടായെന്നാണ് തോന്നുന്നത്. റിഷബ് പന്ത് മികച്ച രീതിയില്‍ തന്നെ കളിച്ചു. ഇങ്ങനെയാണ് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടത്. ഹര്‍ദിക് പാണ്ഡ്യ കളിക്കുന്നത് കാണാനും പ്രത്യേക ഊര്‍ജമായിരുന്നു,’ എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.
എന്നാലിപ്പോള്‍ യുവരാജിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പന്ത്. 45 മിനിറ്റ് നീണ്ടുനിന്ന സംഭാഷണം തീര്‍ച്ചയായും ഗുണം ചെയ്തുവെന്നായിരുന്നു പന്ത് റീട്വീറ്റ് ചെയ്തത്.
‘അത് നടന്നു, തീര്‍ച്ചയായും യുവി പാ,’ എന്നായിരുന്നു പന്തിന്റെ മറുപടി.
പന്തിന്റെയും പാണ്ഡ്യയുടെയും ഐക്കോണിക് പാര്‍ട്നര്‍ഷിപ്പാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി പന്ത് തന്റെ പേരില്‍ കുറിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി പാണ്ഡ്യയും കസറി.
റിഷബ് പന്തായിരുന്നു കളിയിലെ താരം, ഹര്‍ദിക് പാണ്ഡ്യയായിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കാലിടറി വീഴാന്‍ തുടങ്ങുമ്പോഴായിരുന്നു പന്ത് ക്രീസിലെത്തിയത്. തുടര്‍ന്ന് 16 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താവാതെ 125 റണ്‍സായിരുന്നു താരം നേടിയത്. 55 പന്തില്‍ നിന്നും 71 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 43ാം ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം.
ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായി. ഇതിന് പിന്നാലെ അഞ്ചാം ഓവറില്‍ നായകന്‍ രോഹിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു.
മുന്‍ നായകന്‍ വിരാടും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
ഹര്‍ദിക് ആക്രമിച്ചും പന്ത് ആങ്കര്‍ ചെയ്തും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്‌നര്‍ഷിപ്പിനായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷിയായത്. ഹര്‍ദിക് പുറത്തായെങ്കിലും പന്തും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
Content Highlight: Yuvraj Singh’s Cryptic Tweet On Rishabh Pant Goes Viral