ഇന്ത്യന്‍ ലെജന്‍ഡ് യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. പ്രമുഖ കായിക മാധ്യമമായ സ്‌പോര്‍ട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി-സീരീസിലെ ഭൂഷണ്‍ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയും ചേര്‍ന്നാണ് ബയോപിക് ഒരുക്കുന്നത്. ഇക്കാര്യം ഭൂഷണ്‍ കുമാര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
സ്വന്തം വെല്ലുവിളകളെ അതിജീവിക്കാന്‍ ഈ ചിത്രം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നാണ് ബയോ പിക് വാര്‍ത്തകളോട് പ്രതികരിച്ച് യുവരാജ് സിങ് പറഞ്ഞത്.
”ഭൂഷണ്‍ ജിയും രവിയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് വേണ്ടി എന്റെ കഥ സിനിമയായി അവതരിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്രിക്കറ്റ് തന്നെയായിരുന്നു ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും എന്റെ ഏറ്റവും വലിയ സ്‌നേഹവും ശക്തിയുടെ ഉറവിടവുമായി നിന്നത്.
സ്വന്തം വെല്ലുവിളികളെ അതിജീവിക്കാനും അവരുടെ സ്വപ്‌നങ്ങളെ അചഞ്ചലമായ അഭിനിവേശത്തോടെ പിന്തുടരാനും ഈ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” മിഡ് ഡേയിലൂടെ യുവരാജ് പറഞ്ഞു.
ക്രിക്കറ്ററില്‍ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള, യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു നായകനിലേക്കുള്ള യുവിയുടെ യാത്ര പ്രചോദനകരമെന്നാണ് ഭൂഷണ്‍ കുമാര്‍ പറഞ്ഞത്.
”യുവരാജ് സിങ്ങിന്റെ ജീവിതം തന്നെ ഒരു പ്രചോദിപ്പിക്കുന്ന കഥയാണ്. ഒരു ക്രിക്കറ്ററില്‍ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു നായകനിലേക്കുള്ള യാത്ര ശരിക്കും പ്രചോദനകരമാണ്.
പറയേണ്ടതും എല്ലാവരും കേള്‍ക്കേണ്ടതുമായ ഒരു കഥ ബിഗ് സ്‌ക്രീനിലൂടെ നിങ്ങള്‍ക്കുമുമ്പിലെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ അസാധാരണ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിന്റെയും ത്രില്ലിലാണ് ഞാന്‍.’ ഭൂഷണ്‍ കുമാര്‍ പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും ഒരു യഥാര്‍ത്ഥ ഇതിഹാസമാണ് എന്നാണ് രവി ഭാഗ്ചന്ദ്ക യുവരാജിനെ കുറിച്ച് പറഞ്ഞത്.
‘യുവരാജ് വര്‍ഷങ്ങളായി എന്റെ പ്രിയ സുഹൃത്താണ്. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ക്രിക്കറ്റ് യാത്ര ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റാന്‍ സാധിക്കുന്നു എന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. യുവി ഒരു ലോക ചാമ്പ്യന്‍ മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും ഒരു യഥാര്‍ത്ഥ ഇതിഹാസമാണ്,’ അദ്ദേഹം പറഞ്ഞു.
തന്റെ 13ാം വയസില്‍ പഞ്ചാബ് അണ്ടര്‍ 16 ടീമില്‍ കളിച്ചുകൊണ്ടാണ് യുവി ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുന്നത്. ശേഷം പഞ്ചാബിനായി രഞ്ജിയിലും താരം ബാറ്റേന്തി.
2000 ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരെ കളിച്ചുകൊണ്ടാണ് യുവരാജ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം നാല് ഓവര്‍ പന്തെറിഞ്ഞിരുന്നു. 16 റണ്‍സ് മാത്രമാണ് യുവരാജ് വഴങ്ങിയത്.
അവിടുന്നിങ്ങോട്ട് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓള്‍ റൗണ്ടറായിട്ടായിരുന്നു യുവരാജിന്റെ വളര്‍ച്ച. ഇന്ത്യക്കായി എല്ലാ ഐ.സി.സി വൈറ്റ് ബോള്‍ ട്രോഫികളും നേടിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് യുവി.
2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ യുവിയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. സച്ചിന് വേണ്ടി ലോകകപ്പുയര്‍ത്തണമെന്ന ദൃഢനിശ്ചയമാണ് അദ്ദേഹത്തെ ലോകകപ്പിന്റെ താരമാക്കിയതും.
സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സിക്‌സറിന് പറത്തിയതും ലോര്‍ഡ്‌സില്‍ സച്ചിനെതിരെ സെഞ്ച്വറി നേടി അദ്ദേഹത്തിന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങിച്ചതുമെല്ലാം ആ ഐതിഹാസിക കരിയറിലെ ചില അധ്യായങ്ങള്‍ മാത്രമായിരുന്നു.
ഒടുവില്‍ 2019ല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. യുവരാജിന്റെ പിന്‍ഗാമികളെന്ന് ആരാധകരും മാധ്യമങ്ങളും പല യുവ താരങ്ങളെയും വാഴ്ത്തിയെങ്കിലും അവര്‍ക്കൊന്നും യുവി സൃഷ്ടിച്ച വിടവ് നികത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മത്സരങ്ങള്‍ വിജയിക്കുന്നതും ട്രോഫികള്‍ നേടുന്നതും യുവരാജ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സിനെ കിരീടമണിയിച്ചാണ് യുവി തന്റെ ക്രിക്കറ്റ് യാത്ര തുടരുന്നത്.
Content Highlight: Yuvraj Singh’s biopic announced