| Sunday, 14th July 2024, 1:16 pm

യുവരാജിന്റെ ടീമില്‍ ധോണിക്ക് സ്ഥാനമില്ല, പകരം മറ്റൊരാള്‍; സ്വന്തം ഇലവനില്‍ 12ാമന്‍ മാത്രമായി യുവി

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് മറ്റൊരു കിരീടം കൂടി എഴുതിച്ചേര്‍ത്താണ് യുവരാജ് സിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സിനെ കിരീടമണിയിച്ചത്. ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തിന് മുമ്പ് യുവരാജ് സിങ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ലെജന്‍ഡ്.

ഓപ്പണര്‍മാരായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും റിക്കി പോണ്ടിങ്ങിനെയുമാണ് യുവരാജ് തെരഞ്ഞെടുക്കുന്നത്. വണ്‍ ഡൗണായി രോഹിത് ശര്‍മയും നാലാം നമ്പറില്‍ വിരാട് കോഹ്‌ലിയും ടീമിന്റെ ഭാഗമാകുന്നു.

അഞ്ചാം നമ്പറില്‍ പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാകുമ്പോള്‍ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ഓസീസ് സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ് യുവിയുടെ ടീമില്‍ ഇടം നേടി.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ഏഴാമന്‍. എട്ടാം നമ്പറില്‍ സ്പിന്‍ വിസാര്‍ഡ് ഷെയ്ന്‍ വോണെത്തുമ്പോള്‍ ഒമ്പതാമനായി പാക് ഇതിഹാസതാരം വസീം അക്രവും ഇടം പിടിച്ചു.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായ മുത്തയ്യ മുരളീധരന്‍ പത്താം നമ്പറിലും ഓസീസ് ലെജന്‍ഡ് ഗ്ലെന്‍ മഗ്രാത് 11ാമനുമായി ഉള്‍പ്പെടുന്നതാണ് യുവിയുടെ ടീം.

ടീമിലെ 12ാമനായി ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തോടെ ‘എന്നെ തന്നെ തെരഞ്ഞെടുക്കും’ എന്നാണ് യുവി പറഞ്ഞത്.

യുവരാജിന്റെ പ്ലെയിങ് ഇലവന്‍ കണ്ട ആരാധകര്‍ ഏറെ ആവേശത്തിലാണ്. എക്കാലത്തെയും മികച്ച ഇലവനെന്നും എതിരെ നില്‍ക്കുന്ന ഏത് ടീമിനെയും നിഷ്പ്രഭമാക്കാന്‍ പോന്ന ടീമാണെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ ടീമിന്റെ ഭാഗമായി എം.എസ്. ധോണി ഇല്ലാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

യുവരാജ് സിങ്ങിന്റെ ഓള്‍ ടൈം ഇലവന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

രോഹിത് ശര്‍മ (ഇന്ത്യ)

വിരാട് കോഹ്‌ലി (ഇന്ത്യ)

എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക)

ആദം ഗില്‍ക്രിസ്റ്റ് – വിക്കറ്റ് കീപ്പര്‍ (ഓസ്‌ട്രേലിയ)

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)

വസീം അക്രം (പാകിസ്ഥാന്‍)

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ)

12th മാന്‍: യുവരാജ് സിങ് (ഇന്ത്യ)

Content highlight: Yuvraj Singh’s all time eleven

We use cookies to give you the best possible experience. Learn more