ആ ലോകകപ്പ് ഹീറോ ഇനി ഇന്ത്യക്കുവേണ്ടി പാഡണിയില്ല; യുവ്‌രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഐ.പി.എല്ലില്‍ തുടരും
Indian Cricket
ആ ലോകകപ്പ് ഹീറോ ഇനി ഇന്ത്യക്കുവേണ്ടി പാഡണിയില്ല; യുവ്‌രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഐ.പി.എല്ലില്‍ തുടരും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2019, 2:19 pm

ന്യൂദല്‍ഹി: കളിക്കളത്തിലും പുറത്തും പോരാട്ടവീര്യം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും ഇന്ത്യയുടെ 2011 ലോകകപ്പ് ഹീറോയുമായ യുവ്‌രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഏറെനാളായി അന്താരാഷ്ട്ര ടീമില്‍ സ്ഥാനം ലഭിക്കാതിരുന്ന യുവി ഒടുവില്‍ പാഡഴിക്കുന്നതായി ഇന്നു പ്രഖ്യാപിക്കുകയായിരുന്നു.

മുംബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് യുവി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഐ.പി.എല്‍ അടക്കമുള്ള ഐ.സി.സി അംഗീകരിച്ച ട്വന്റി20 ക്രിക്കറ്റ് ലീഗുകളില്‍ താന്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

’22 യാര്‍ഡില്‍ 25 വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17 വര്‍ഷവും നീണ്ട ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. ഈ മത്സരമാണ് എന്നെ എങ്ങനെ പോരാടണമെന്നു പഠിപ്പിച്ചത്.’- വിരമിക്കല്‍ പ്രഖ്യാപിക്കവേ യുവി പറഞ്ഞു.

17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് അര്‍ഹിച്ച വിരമിക്കല്‍ ലഭിക്കാതെ യുവി കളം വിടുന്നത്. 2012-ലാണ് യുവി അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരം കളിക്കുന്നത്. 2017-ല്‍ അവസാനമായി ഏകദിനവും ട്വന്റി20-യും കളിച്ചു. ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയിലും എന്നും യുവിയുണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറുപന്തില്‍ സിക്‌സറടിച്ച് യുവി വിസ്മയം തീര്‍ത്തിട്ടുണ്ട്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ എന്നും യുവിയുടെ പേരുണ്ടാകും. രണ്ടായിരത്തില്‍ ഓസീസിനെതിരേ 80 റണ്‍സെടുത്തായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയതുതന്നെ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ പ്രതിഭകള്‍ അണിനിരന്നിട്ടും 2002-ലെ നാറ്റ്‌വെസ്റ്റ് സീരിസില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് എന്നും ഓര്‍മിക്കാവുന്ന വിജയം സമ്മാനിച്ചത് യുവിയാണ്.

മുഹമ്മദ് കൈഫിനൊപ്പം 121 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത യുവി, മത്സരത്തില്‍ 63 പന്തില്‍ 69 റണ്‍സ് നേടി. മാച്ച് വിന്നര്‍ എന്ന രീതിയിലേക്ക് അദ്ദേഹത്തെ ക്രിക്കറ്റ് വിദഗ്ധര്‍ കണക്കാക്കിത്തുടങ്ങിയത് ഈ മത്സരത്തോടെയാണ്.

2011-ലെ ലോകകപ്പില്‍ മികച്ച ഒരുപിടി പ്രകടനങ്ങളുമായി ഇന്ത്യയെ ലോകക്രിക്കറ്റിന്റെ നെറുകയില്‍ എത്തിക്കുന്നതുവരെ ആ മാച്ച് വിന്നര്‍ക്കു വിശ്രമമില്ലായിരുന്നു.

ഇതിനിടെ കരിയറിന്റെ നിര്‍ണായകഘട്ടത്തില്‍ കാന്‍സര്‍ ബാധിതനായി കളിക്കളം വിട്ട യുവി, അസുഖത്തെ പോരാടി തോല്‍പ്പിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയത് ഇന്നും ക്രിക്കറ്റ് ലോകത്ത് ഒരത്ഭുതമായി നിലനില്‍ക്കുന്നു.

304 ഏകദിനങ്ങള്‍ കളിച്ച യുവി, 8,701 റണ്‍സും 111 വിക്കറ്റും നേടിയിട്ടുണ്ട്. 40 ടെസ്റ്റുകള്‍ കളിച്ച് 1900 റണ്‍സും ഒമ്പത് വിക്കറ്റും നേടി. ഇന്ത്യക്കുവേണ്ടി 58 ട്വന്റി 20 മത്സരങ്ങളില്‍ പാഡുകെട്ടിയ താരം, 1777 റണ്‍സും 28 വിക്കറ്റും നേടി.

‘ദ ടെസ്റ്റ് ഓഫ് മൈ ലൈഫ്: ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക്’ എന്ന ആത്മകഥ യുവിയുടേതാണ്. കാന്‍സര്‍ ബാധിതനായ കാലയളവും അവിടെനിന്ന് ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു തിരികെയെത്തിയതുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.