ശരീരത്തിന്റെ ഭാരം കൂടി, ഒന്നിനോടും പ്രതികരിക്കാതെയായി, എല്ലാം അവസാനിച്ചെന്ന് കരുതിയതായിരുന്നു ; ക്യാന്‍സറിനെ ബൗണ്ടറി കടത്തിയ ജീവിതയാത്രയുടെ ഓര്‍മ്മയില്‍ യുവ്‌രാജ്
DSport
ശരീരത്തിന്റെ ഭാരം കൂടി, ഒന്നിനോടും പ്രതികരിക്കാതെയായി, എല്ലാം അവസാനിച്ചെന്ന് കരുതിയതായിരുന്നു ; ക്യാന്‍സറിനെ ബൗണ്ടറി കടത്തിയ ജീവിതയാത്രയുടെ ഓര്‍മ്മയില്‍ യുവ്‌രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2017, 3:14 pm

മുംബൈ: ” ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു നീണ്ടയാത്രയായിരുന്നു പിന്നിട്ടതെന്ന് ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നു. ഞാന്‍ ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചു ഈ കാലത്ത്. ഇന്ന് ഞാന്‍ പൂര്‍ണ്ണമായും വെറൊരാളാണ്. അന്ന് ക്രിക്കറ്റ് മാത്രമായിരുന്നു എനിക്കെല്ലാം. ഇന്ന് ഞാന്‍ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ” തന്റെ ജീവിതത്തിലെ നിര്‍ണ്ണായക നാളുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ് യുവ്‌രാജ് സിംഗ്.


Also Read : ആമിയായി പാര്‍വതി എത്തുമോ ? കമലിന് പറയാനുള്ളത്


നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരികെയെത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് യുവ്‌രാജ് 2011 ലെ ലോകകപ്പില്‍ മുത്തമിട്ടത്. എന്നാല്‍ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവിയ്ക്ക് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. എത്ര ധീരനായാലും ജീവിതത്തില്‍ തളര്‍ന്ന് പോകുന്ന നിമിഷങ്ങള്‍.

എല്ലാം അവസാനിച്ചെന്നുറപ്പിച്ചിടത്തു നിന്നും യുവി തുടങ്ങുകയായിരുന്നു ചികിത്സയ്‌ക്കൊപ്പം തളരാത്ത മനസ്സും തോല്‍വി സമ്മതിക്കാത്ത ആത്മാവുമായി യുവി രോഗത്തോട് പടവെട്ടി. കഠിനാധ്വാനം ചെയ്തു. ഒടുവില്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ യുവി തിരികെയെത്തി.

തന്റെ ജീവിതയാത്രയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഇതുപോലൊരു രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് അംഗീകരിക്കാന്‍ തന്നെ നാളുകള്‍ വേണ്ടി വരും. യുവി പറയുന്നു.

കഠിനമായ വേദനയുണ്ടാവുമായിരുന്നു. ശരീരം പ്രതികരിക്കുന്നത് മെല്ലെയാകും. എല്ലാം അവസാനിച്ചെന്ന് തോന്നും. പക്ഷെ പതിയെ കാര്യങ്ങള്‍ മാറി. രണ്ട് വര്‍ഷത്തോളം തീവ്ര പരിശീലനം വേണ്ടി വന്നു പഴയ ഫിറ്റ്‌നസിലേക്ക് മടങ്ങിവരാന്‍. യുവിയുടെ വാക്കുകളില്‍ പോരാട്ടവീര്യത്തിന്റെ കനലുകള്‍ ദൃശ്യമാണ്.

എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളില്‍ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് തനിക്ക് പൊരുതാനുള്ള കരുത്ത് നല്‍കിയതെന്നും താരം പറയുന്നു. ലോക ക്യാന്‍സര്‍ ദിനമായ ഇന്ന് ക്യാന്‍സര്‍ രോഗികളെ എല്ലാം അവസാനിച്ചവരായി കാണാതെ ആത്മവിശ്വാസം പകരാനാണ് യുവി മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്. മികച്ച ചികിത്സയും മനക്കരുത്തും പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും ഉണ്ടെങ്കില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും , തന്നെപ്പോലെ, ജീവിതത്തിലേക്ക് തിരികെ വരാനും പുതിയ തുടക്കം കുറിക്കാനും കഴിയുമെന്നും താരം പറയുന്നു.