മുംബൈ: ലങ്കന്‍ പര്യടനത്തിനുള്ള ടീമിലിടം നേടാന്‍ കഴിയാതെ പോയെങ്കിലും യുവരാജ് സിംഗ് എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമാണ്. മൈതാനത്തെന്ന പോലെ ജീവിതത്തിലും തികഞ്ഞ പോരാളിയാണെന്ന് യുവി പലവട്ടം തെളിയിച്ചതാണ്. ഇ്‌പ്പോഴിതാ തന്റെ മാന്യമായ പെരുമാറ്റത്തിലൂടെ യുവി വീണ്ടും ആരാധകരുടെ കയ്യടി നേടുകയാണ്.
കഴിഞ്ഞ വട്ടം തന്റെ പുതിയ വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് യുവി വരാണസിയിലെത്തിയിരുന്നു. പ്രിയ താരത്തെ ഒന്നു കാണാനും ഒരു ഫോട്ടോയെടുക്കാനുമൊക്കെയായി നിരവധി ആരാധകരായിരുന്നു അവിടെയെത്തിയത്. ആരാധകരുടെ ആവേശം അണപൊട്ടിയതോടെ സ്ഥലത്ത് തിക്കും തിരക്കും നിയന്ത്രിക്കാവുന്നതിലും അധികമായിരുന്നു.
തിരക്കിനിടെ ആരാധകരുടെ തള്ളില്‍ നിലത്തു വീണ യുവതിയെ ആള്‍ക്കൂട്ടത്തില്‍ യുവി രക്ഷിച്ചെടുക്കുകയായിരുന്നു. ആരാധകരിലാരോ തള്ളിയപ്പോള്‍ നിലത്തു വീണ സജിമിന്‍ കാര എന്ന യുവതിയെയാണ് യുവി രക്ഷിച്ചത്. യുവിയുടെ കമ്പനിയായ വൈ.ഡബ്ല്യൂ.സിയുടെ സി.ഇ.ഒയാണ് സജിമിന്‍ കാര. യുവിയ്‌ക്കൊപ്പം വസ്ത്രശാലയിലേക്ക് നടന്നു വരുന്നതിനിടെയാണ് സജിമിന്‍ നിലത്തു വീഴുന്നത്.
ഉടനെ തന്നെ സജിമിനരികിലേക്ക് ഓടിയെത്തിയ യുവി അവരെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ബഹളവും തിരക്കും കാട്ടിയ ആരാധകര്‍ക്കെതിരെ യുവി കയര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സജിമിനെ അവിടെ നിന്നും യുവി വസ്ത്രശാലയുടെ അകത്തേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ ആരാധകരുടെ തള്ളില്‍ യുവി പോലും പലവട്ടം നിലത്തു വീഴാന്‍ പോയിരുന്നു.
യുവിയുടെ ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള യെസ് വീ കാന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകയുമാണ് സജിമിന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന യുവിയുടെ വസ്ത്രശാലയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ സംഘടനയിലേക്കാണ് പോവുന്നതും.