2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഏതെല്ലാം ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയിൽ എത്തുക എന്നായിരുന്നു യുവരാജിന്റെ പ്രവചനം. സെമിഫൈനലിലേക്ക് കടക്കാൻ ദക്ഷിണാഫ്രിക്കക്കും സാധ്യതയുണ്ടെന്നും യുവരാജ് പറഞ്ഞു.
‘ഇന്ത്യയും ഓസ്ട്രേലിയയും ഉറപ്പായും സെമിയിൽ ഉണ്ടാവും. ഈ ടീമുകളോടൊപ്പം ഇംഗ്ലണ്ടും ന്യൂസിലാൻഡും ഉണ്ടാകും. എന്നാൽ ഈ ടീമുകൾക്ക് പുറമേ ദക്ഷിണാഫ്രിക്കക്കും സെമിയിലേക്ക് യോഗ്യത നേടാനുള്ള അർഹതയുണ്ട്. അതിനാൽ ഞാൻ അഞ്ച് ടീമുകളെ തെരഞ്ഞെടുക്കും. സൗത്ത് ആഫ്രിക്ക ഇതുവരെ ഒരു വൈറ്റ്ബോൾ ട്രോഫി ഇല്ല അതിനാൽ ഒരു ട്രോഫി അവർക്ക് അത്യാവശ്യമാണ്’, ദി വീക്കിനോട് യുവരാജ് പറഞ്ഞു.
ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരെകുറിച്ചും യുവരാജ് സംസാരിച്ചു. ‘ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷും, ഇന്ത്യൻ താരം ജഡേജയും നിലവിലെ മികച്ച ഓൾ റൗണ്ടർമാർ ആണ്. എന്നാൽ ഒന്നാം നമ്പർ സ്ഥാനം ഇംഗ്ലണ്ടിന്റ ബെൻ സ്റ്റോക്ക്സ് ആണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിലെത്തുന്നത്. മഹേന്ദ്ര സിങ് ധോണിക്ക് ശേഷം രോഹിത് ശർമ സ്വന്തം മണ്ണിൽ കിരീടം ഉയർത്തുമോ എന്ന് കണ്ടറിയണം.
ഒരുപിടി മികച്ച താരങ്ങളുമായാണ് ന്യൂസിലാഡും ഇംഗ്ലണ്ടും ഓസ്ട്രേലിയയുമെല്ലാം ഇന്ത്യൻ മണ്ണിലേക്ക് എത്തുന്നത്.
എന്നാൽ ദക്ഷിണാഫ്രിക്കക്ക് ഇതുവരെ വൈറ്റ് ബോളിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അതിനാൽ കന്നി കിരീടം ലക്ഷ്യം വച്ചായിരിക്കും ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് ടിക്കറ്റ് എടുക്കുന്നത്.
ഒക്ടോബർ അഞ്ച് മുതൽ ക്രിക്കറ്റ് മാമാങ്കത്തിന് തിരി തെളിയുമ്പോൾ ഏതെല്ലാം ടീമുകൾ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
Content Highlight: Yuvraj singh predicts the ICC Worldcup 2023 semi finalists