സഞ്ജു സാംസണ്‍ എന്ന ബാറ്ററുടെ കരിയര്‍ ഡിഫൈനിങ് മൊമന്റായിരുന്നു അയര്‍ലന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ സംഭവിച്ചത്. സാധാരണ കളിക്കുന്ന, കണ്ണും പൂട്ടി അടിക്കുന്ന ശൈലിയില്‍ നിന്നും മാറി, ശ്രദ്ധയോടെ അടിച്ചുകളിക്കുന്ന സഞ്ജുവിനെയായിരുന്നു ഐറിഷ് പട കണ്ടത്.
സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങളായിരുന്നു രംഗത്തെത്തിയത്. വിമര്‍ശകരുടെ വായടപ്പിച്ച ഇന്നിങ്‌സിനെ അഭിനന്ദിച്ച് സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനും എത്തിയിരുന്നു എന്നതായിരുന്നു ഹൈലൈറ്റ്.
ഇപ്പോഴിതാ, താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ യുവരാജ് സിങ്. ട്വിറ്ററിലൂടെയായിരുന്നു സഞ്ജുവിനെയും ഒപ്പം ദീപക് ഹൂഡയേയും പ്രശംസിച്ച് യുവി രംഗത്തെത്തിയത്.
Top notch performance by @HoodaOnFire to bring up his maiden century 💯 and great knock by @IamSanjuSamson too! Mature innings with some sensational hitting across the park 🔥 Well done to make the most of the opportunity given to you #INDvsIre@BCCI
‘തന്റെ ആദ്യ സെഞ്ച്വറി നേടാന്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദീപക് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍. ഒപ്പം സഞ്ജുവിന്റെ പക്വമായ സെന്‍സേഷണല്‍ ഇന്നിങ്‌സും തകര്‍പ്പനായിരുന്നു. നിനക്ക് ലഭിച്ച അവസരം നീ കൃത്യമായി തന്നെ വിനിയോഗിച്ചു,’ യുവരാജ് ട്വീറ്റ് ചെയ്തു.
ടി-20യില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും കളം വിട്ടത്.
കഴിഞ്ഞ മത്സരത്തിലെ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യയുടെ ചരിത്രപുസ്തകത്തിലേക്കാണ് സഞ്ജുവും ഹൂഡയും നടന്നുകയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ഐയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്.
സഞ്ജുവിന്റെയും ദീപക് ഹൂഡയുടെയും കരുത്തിലാണ് ഇന്ത്യന്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നീലക്കുറിഞ്ഞി പൂത്ത പോലെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനുള്ള അവസരം കിട്ടിയ സഞ്ജു ഒട്ടും മോശമാക്കിയില്ല. ടി-20യിലെ തന്റെ കന്നി അര്‍ധ സെഞ്ച്വറി നേടി 183.33 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ആറാട്ട്.
ടി-20യിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയ സഞ്ജവിന്റെയും ഹൂഡയുടെയും പേര് ലെജന്‍ഡുകളായ വിനൂ മങ്കാദ്, പങ്കജ് റോയ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമായിരിക്കും ഇനി ചേര്‍ത്ത് പറയുക.
രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ എന്നിവരുടെ 165 റണ്ണിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും മറികടന്നത്.