|

എന്റെ റോള്‍ ചെയ്യാന്‍ സാധിക്കുന്നവന്‍, അവന്‍ എന്നെ പോലെ സമര്‍ത്ഥന്‍; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പുകഴ്ത്തി യുവരാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം റിങ്കു സിങ്ങിനെ പ്രശംസിച്ച് മുന്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ യുവരാജ് സിങ്. ടി-20 ഫോര്‍മാറ്റില്‍ റിങ്കു സിങ്ങിന്റെ പ്രകടനം ഏറെ മികച്ചതാണെന്ന് യുവരാജ് സിങ് പറഞ്ഞു.

റിങ്കു സിങ്ങിന്റെ പ്രകടനം കാണുമ്പോള്‍ തന്റെ പ്രകടനത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് പറഞ്ഞ യുവി, തന്റെ സ്‌കില്ലുകള്‍ റിങ്കുവിനുമുണ്ടെന്നും പറഞ്ഞു.

ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവി റിങ്കു സിങ്ങിനെ വാനോളം പുകഴ്ത്തിയത്.

‘ഇന്ത്യന്‍ നിരയില്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്ററാണ് റിങ്കു സിങ്. അവന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കുകയാണ്. എപ്പോള്‍ അറ്റാക് ചെയ്ത് കളിക്കണമെന്നും എപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്നും അവന് വ്യക്തമായ ധാരണയുണ്ട്. സമ്മര്‍ദ സമയങ്ങളില്‍ വളരെ മികച്ച പ്രകടനമാണ് റിങ്കു സിങ് പുറത്തെടുക്കാറുള്ളത്.

ഇന്ത്യക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ റിങ്കുവിന് സാധിക്കും. അവനെ സമ്മര്‍ദത്തിലാക്കാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ എനിക്കുള്ള അതേ സ്‌കില്ലുകള്‍ റിങ്കുവിനുമുണ്ടെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ യുവരാജ് സിങ് പറഞ്ഞു.

ഇന്ത്യക്കായി 13 മത്സരത്തില്‍ നിന്നും ഒമ്പത് ഇന്നിങ്‌സില്‍ ബാറ്റേന്തിയ റിങ്കു 69.5 എന്ന തകര്‍പ്പന്‍ ശരാശരിയിലും 180.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 278 റണ്‍സാണ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയാണ് റിങ്കു തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

നേരിടുന്നത് കുറഞ്ഞ പന്തുകളായാലും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്നതാണ് റിങ്കുവിനെ ഏറെ അപകടകാരിയാക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ സ്ഥാനത്തേക്ക് അതിവേഗം ഉയര്‍ന്നുവന്ന റിങ്കു ഐ.പി.എല്ലിലും തന്റെ ക്ലാസ് തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ ആറ് പന്തില്‍ 29 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ നേടി റിങ്കു നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്കും നയിച്ചിരുന്നു.

ഐ.പി.എല്ലില്‍ 29 ഇന്നിങ്‌സില്‍ 725 റണ്‍സാണ് റിങ്കു നേടിയത്. 36.25 എന്ന ശരാശരിയും 142.16 സ്‌ട്രൈക്ക് റേറ്റുമാണ് ഐ.പി.എല്ലില്‍ റിങ്കുവിനുള്ളത്.

Content highlight: Yuvraj Singh praises Rinku Singh