റെക്കോഡ് തകര്‍ക്കാനുള്ളതാണ്, ഇന്ത്യയുടെ ഭാവി സുരക്ഷിത കരങ്ങളില്‍; തന്റെ 358 റണ്‍സിന്റെ റെക്കോഡ് തകര്‍ത്തവനെ അഭിനന്ദിച്ച് യുവി
Daily News
റെക്കോഡ് തകര്‍ക്കാനുള്ളതാണ്, ഇന്ത്യയുടെ ഭാവി സുരക്ഷിത കരങ്ങളില്‍; തന്റെ 358 റണ്‍സിന്റെ റെക്കോഡ് തകര്‍ത്തവനെ അഭിനന്ദിച്ച് യുവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 5:15 pm

 

കൂച്ച് ബെഹര്‍ ട്രോഫിയില്‍ ക്വാഡ്രാപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കര്‍ണാടക യുവതാരം പ്രകാര്‍ ചതുര്‍വേദിയെ അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസ താരം യുവരാജ് സിങ്. ഇന്ത്യയുടെ ഭാവി സുരക്ഷിത കരങ്ങളിലാണ് എന്നാണ് ചതുര്‍വേദിയെ അഭിനന്ദിച്ച് യുവരാജ് സിങ് പറഞ്ഞത്.

കൂച്ച് ബെഹര്‍ ട്രോഫിയുടെ ഫൈനലില്‍ മുംബൈക്കെതിരെയായിരുന്നു ചതുര്‍വേദി 400 പൂര്‍ത്തിയാക്കിയത്. 638 പന്ത് നേരിട്ട് പുറത്താകാതെ 404 റണ്‍സാണ് താരം നേടിയത്. 46 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. കൂച്ച് ബെഹര്‍ ട്രോഫിയുടെ ഫൈനലില്‍ 400 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചതുര്‍വേദി സ്വന്തമാക്കിയത്. ഇതിന് പുറമെ ഫൈനലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ നേട്ടവും താരത്തെ തേടിയെത്തി.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുവരാജ് സിങ് തന്റെ പേരില്‍ കുറിച്ച 358 റണ്‍സാണ് ഇതിന് മുമ്പ് റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. കര്‍ണാടക ഓപ്പണറുടെ ഉദയത്തിനൊപ്പം ഈ നേട്ടവും പഴങ്കഥയായി. ഇതിന് പിന്നാലെയാണ് യുവി പ്രകാര്‍ ചതുര്‍വേദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

‘ഇത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇന്ത്യയുടെ ഭാവി സുരക്ഷിത കരങ്ങളിലാണെന്ന് മനസിലാകുമ്പോള്‍ ഏറെ സന്തോഷം,’ യുവരാജ് എക്‌സില്‍ കുറിച്ചു.

 

ചതുര്‍വേദിയുടെ ക്വാഡ്രാപ്പിള്‍ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക മുംബൈയെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 380 റണ്‍സാണ് മുംബൈ നേടിയത്. ഓപ്പണര്‍ ആയുഷ് മാത്രെയുടെ സെഞ്ച്വറിയാണ് മുംബൈക്ക് കരുത്തായത്. ആയുഷ് 180 പന്തില്‍ നിന്നും 145 റണ്‍സ് നേടി പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ആയുഷ് സച്ചിന്‍ വര്‍തക്കാണ് മുംബൈക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 98 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്.

കര്‍ണാടകക്കായി ഹര്‍ദിക് രാജ് നാല് വിക്കറ്റ് വീഴ്ത്തി. സമിത് ദ്രാവിഡും എന്‍. സമര്‍ത്ഥും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അഗസ്ത്യ എസ്. രാജു, ധീരജ് ഗൗഡ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ചതുര്‍വേദിക്കൊപ്പം കളത്തിലിറങ്ങിയ കാര്‍ത്തിക് എസ്.യു. 67 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി. മൂന്നാം നമ്പറില്‍ ഹര്‍ഷില്‍ ധര്‍മാനിയെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും വേഗത്തില്‍ ചലിച്ചു. ഇരുവരും ചേര്‍ന്ന് മുംബൈയുടെ ആദ്യ ഇന്നിങ്സ് ടോട്ടല്‍ മറികടക്കുകയും ചെയ്തു.

ടീം സ്‌കോര്‍ 109ല്‍ ഒന്നിച്ച കൂട്ടുകെട്ട് പിരിയുന്നത് 399ലാണ്. കാര്‍ത്തിക്കിനെ പുറത്താക്കി പ്രേം ദേവ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. 228 പന്തില്‍ 168 റണ്‍സാണ് കാര്‍ത്തിക് നേടിയത്. പിന്നാലെയെത്തിയ കാര്‍ത്തികേയയും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഹര്‍ദിക് രാജും സമര്‍ത്ഥും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കാര്‍ത്തികേയ 107 പന്തില്‍ 72 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 51 റണ്‍സാണ് ഹര്‍ദിക് രാജ് നേടിയത്.

135 പന്ത് നേരിട്ട് പുറത്താകാതെ 55 റണ്‍സാണ് സമര്‍ത്ഥ് ടീം ടോട്ടലിലേക്ക് എഴുതിച്ചേര്‍ത്തത്. ഒടുവില്‍ എട്ട് വിക്കറ്റിന് 890 എന്ന നിലയില്‍ കര്‍ണാടക ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ഇതോടെ മത്സരം സമനിലയിലാവുകയും ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയതോടെ കര്‍ണാടക കിരീടം നേടുകയുമായിരുന്നു.

 

 

Content highlight: Yuvraj Singh praises Prakar Chaturvedi