| Sunday, 1st October 2023, 11:35 am

അവൻ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാവും: പ്രശംസയുമായി യുവരാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പ്‌ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ യുവതാരം ശുഭ് മൻ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്.

ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാവാനുള്ള കഴിവ് ഗില്ലിന് ഉണ്ടെന്നാണ് യുവരാജ് പറഞ്ഞത്. ‘ഈ തലമുറയിലെ ഏറ്റവും മികച്ച താരമാവാനുള്ള കഴിവ് ശുഭ് മൻ ഗില്ലിനുണ്ട്. അവൻ കുട്ടികാലം മുതൽക്കുതന്നെ സാധാരണ ആളുകൾ ചെയ്യുന്നതിനേക്കാൾ നാലിരട്ടി കഠിനാധ്വാനം ചെയ്യുന്നു. അതിനാൽ അവന് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാവാൻ സാധിക്കും,’ യുവരാജ് ദി വീക്കിനോട് പറഞ്ഞു.

2020 ഡിസംബറിൽ ഓസ്ട്രേലിയക്കെതിരെയുള്ള ഗില്ലിന്റ അരങ്ങേറ്റത്തെ കുറിച്ചും യുവരാജ് സംസാരിച്ചു. ‘2019ൽ ഗബ്ബയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ടെസ്റ്റിൽ ഗിൽ 91 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ ആ മത്സരത്തിലെ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കാനും അവന് കഴിഞ്ഞു. ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിൽ തന്നെ അവൻ രണ്ട് അർധസെഞ്ച്വറികൾ നേടി. എത്ര കളിക്കാർ ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് എനിക്കറിയില്ല. എന്നാൽ ഓസ്ട്രേലിയയിലും, ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഗിൽ റൺസ് സ്കോർ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ഗിൽ ഇപ്പോൾ മികച്ച ഫോമിലാണ് അതുകൊണ്ട് തന്നെ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ അവന് സാധിക്കും’, യുവരാജ് കൂട്ടിച്ചേർത്തു.

2019ൽ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറിയ ഗിൽ 35 മത്സരങ്ങളിൽ നിന്നും 1917 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് സെഞ്ച്വറികളും ഒൻപത് അർധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 2023ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ നേടിയ താരം എന്ന നേട്ടവും ഗില്ലിന്റ പേരിലാണ്. 12 വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകം കൂടി ഇന്ത്യൻ മണ്ണിൽ എത്തുമ്പോൾ സ്വന്തം തട്ടകത്തിൽ ഈ 24 കാരൻ മിന്നും പ്രകടനം തന്നെ കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ് വേദി.

Content Highlight: Yuvraj singh praises Indian young player Shubman gill performance.

We use cookies to give you the best possible experience. Learn more