ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുക.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ കരിയറിനെ അഭിനന്ദിച്ചും നല്ല ഭാവി നേര്‍ന്നും ഒരുപാട് മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റും ലെജന്‍ഡറി സ്റ്റാറ്റ്‌സുമുള്ള ബ്രോഡിനെ പക്ഷെ ഒരുപാട് പേര്‍ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബ്ലാക്ക് മാര്‍ക്കായ ആറ് സിക്‌സര്‍ വഴങ്ങിയ ഓവറാണ്. 2007ല്‍ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ യുവരാജ് സിങ്ങാണ് അദ്ദേഹത്തിനെതിരെ ഒരു ഓവറില്‍ ആറ് സിക്‌സറടിച്ചത്.
‘സ്റ്റുവര്‍ട്ട് ബ്രോഡ്, അവിശ്വസനീയമായ ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍. ഏറ്റവും മികച്ചതും ഭയപ്പെടുന്നതുമായ റെഡ് ബോള്‍ ബൗളര്‍മാരില്‍ ഒരാളും യഥാര്‍ത്ഥ ഇതിഹാസവും! നിങ്ങളുടെ യാത്രയും നിശ്ചയദാര്‍ഢ്യവും വളരെ പ്രചോദനാത്മകമാണ്. ബ്രോഡിയുടെ അടുത്ത ലെഗിന് ആശംസകള്‍,’ യുവരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യമായി 600 വിക്കറ്റ് നേടിയ പേസ് ബൗളര്‍ ഇംഗ്ലണ്ടിന്റെ തന്നെ ഇതിഹാസമായ ജെയിംസ് ആന്‍ഡേഴ്‌സണാണ്.
കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഒരോവറില്‍ ആറ് സിക്‌സര്‍ വഴങ്ങിയിട്ടും പിന്നീടുള്ള ബ്രോഡിന്റെ മുന്നേറ്റം തീര്‍ച്ചയായും പ്രചോദനമുണ്ടാക്കുന്നതാണ്. ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് കളിച്ച ബ്രോഡ് 602 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 121 ഏകദിനത്തില്‍ നിന്നും 178 വിക്കറ്റും ട്വന്റി-20 ക്രിക്കറ്റില്‍ 56 മത്സരത്തില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ അദ്ദേഹം 65 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.