| Monday, 15th July 2019, 12:58 pm

'ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്'; ബൗണ്ടറിയെണ്ണി വിജയിയെ തീരുമാനിക്കുന്ന നിയമത്തിനെതിരെ യുവ്‌രാജും കൈഫും ബ്രെറ്റ് ലീയും

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റ് ലോകം ഇത്ര ആവേശകരമായ മത്സരം ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കാര്യമൊക്കെ ശരിതന്നെ. പക്ഷേ ആവേശത്തിനൊടുവില്‍ വിജയിയെ പ്രഖ്യാപിക്കാനുണ്ടാക്കിയ ഐ.സി.സി നിയമത്തിനെതിരെ കാര്യമായിത്തന്നെ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം തുല്യതയില്‍ അവസാനിച്ചപ്പോള്‍ വിജയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീളുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചപ്പോള്‍ അവസാന മാര്‍ഗമായി ഐ.സി.സി നിയമപ്രകാരം ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീം വിജയിക്കുമെന്നായി. സൂപ്പര്‍ ഓവറിലും മുന്‍പ് കളിച്ച ഓവറുകളിലുമായി ആകെ 17 ബൗണ്ടറികളാണ് കിവീസ് അടിച്ചതെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ട് അവിടെ 24 ബൗണ്ടറികള്‍ നേടി. അതോടെ അവര്‍ വിജയികളുമായി.

എന്നാല്‍ ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണം. സഡന്‍ ഡെത്ത് പോലെ സൂപ്പര്‍ ഓവറുകള്‍ തുടരുന്നതാണു നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൗണ്ടറിക്കണക്കില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിലും നല്ലത് ട്രോഫി പങ്കുവെയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ നിയമം അംഗീകരിക്കാനാവില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം തന്നെയായ യുവ്‌രാജ് സിങ്ങിന്റെ അഭിപ്രായം. ന്യൂസിലന്‍ഡിന്റെ ഒപ്പമാണു തന്റെ ഹൃദയമെന്നും യുവി ട്വീറ്റ് ചെയ്തു. ഈ നിയമം മാറ്റേണ്ടതാണ് എന്നായിരുന്നു ഓസീസ് മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയുടെ അഭിപ്രായം.

ഇന്നലെ രാത്രിയില്‍ത്തന്നെ നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. സൂപ്പര്‍ ഓവറില്‍ ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ വേണമെന്നാണ് കൂടുതല്‍പ്പേരുടെയും അഭിപ്രായം.

Latest Stories

We use cookies to give you the best possible experience. Learn more