ലണ്ടന്‍: ക്രിക്കറ്റ് ലോകം ഇത്ര ആവേശകരമായ മത്സരം ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കാര്യമൊക്കെ ശരിതന്നെ. പക്ഷേ ആവേശത്തിനൊടുവില്‍ വിജയിയെ പ്രഖ്യാപിക്കാനുണ്ടാക്കിയ ഐ.സി.സി നിയമത്തിനെതിരെ കാര്യമായിത്തന്നെ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
242 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം തുല്യതയില്‍ അവസാനിച്ചപ്പോള്‍ വിജയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീളുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചപ്പോള്‍ അവസാന മാര്‍ഗമായി ഐ.സി.സി നിയമപ്രകാരം ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീം വിജയിക്കുമെന്നായി. സൂപ്പര്‍ ഓവറിലും മുന്‍പ് കളിച്ച ഓവറുകളിലുമായി ആകെ 17 ബൗണ്ടറികളാണ് കിവീസ് അടിച്ചതെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ട് അവിടെ 24 ബൗണ്ടറികള്‍ നേടി. അതോടെ അവര്‍ വിജയികളുമായി.
എന്നാല്‍ ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണം. സഡന്‍ ഡെത്ത് പോലെ സൂപ്പര്‍ ഓവറുകള്‍ തുടരുന്നതാണു നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൗണ്ടറിക്കണക്കില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിലും നല്ലത് ട്രോഫി പങ്കുവെയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.